യുവതിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
പത്തനംതിട്ട: ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പനാട് പറമലയിൽ യുവതിയെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി മയ്യത്തുംകര അർത്തിയിൽ വീട്ടിൽ സുഹൈൽ അൻസാരിയെ (33)ആണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നിട്ടുണ്ട്.
14ന് പുലർച്ചയാണ് കടമ്പനാട് പറമല അനുഭവനിൽ രേണു അനിലിനെ (37) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശൂരനാട് സെന്റ് തോമസ് സ്കൂളിലെ ഓഫീസ് സ്റ്റാഫ് ആയിരുന്ന രേണുവിനോട് അതേ സ്കൂളിലെ പി.ആർ.ഒ ആയിരുന്ന സുഹൈൽ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങൾ അയച്ചു കൊടുക്കാൻ നിർബന്ധിച്ചെന്നും അതിൽ മനം നൊന്താണ് ആത്മഹത്യയെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തിയ രേണുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇതോടെയാണ് അന്വേഷണം ഇയാളിലേക്ക് എത്തിയത്.
