ബംഗ ബന്ധു: ഇ​ന്ത്യ​യു​മാ​യി ക്രി​ക്ക​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ്

ധാ​ക്ക: ഇ​ന്ത്യ​യു​മാ​യി വ​ഷ​ളാ​യ ക്രി​ക്ക​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വു​മാ​യി ബം​ഗ്ലാ​ദേ​ശ്. താ​രി​ഖ് റ​ഹ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി.​എ​ൻ.​പി) സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ട​പെ​ട​ൽ. ഐ.​പി.​എ​ല്ലു​മാ​യും ട്വ​ന്റി20 ലോ​ക​ക​പ്പി​ലെ ബ​ഹി​ഷ്‍ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വ​ഷ​ളാ​യ ക്രി​ക്ക​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്ന് യു​വ​ജ​ന, കാ​യി​ക സ​ഹ​മ​ന്ത്രി അ​മി​നു​ൾ ഹ​ഖ് സൂ​ച​ന ന​ൽ​കി.

ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ഹൈ​ക​മീ​ഷ​ണ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. സൗ​ഹൃ​ദ ച​ർ​ച്ച​ക​ളി​ലൂ​ടെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​മി​നു​ൾ​ഹ​ഖ് വി​മ​ർ​ശി​ച്ചു.

മു​ഹ​മ്മ​ദ് യൂ​നു​സി​ന്റെ ഇ​ട​ക്കാ​ല ഭ​ര​ണ​കാ​ല​ത്താ​ണ് ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ബ​ന്ധ​വും ക്രി​ക്ക​റ്റ് ബ​ന്ധ​വും വ​ഷ​ളാ​യ​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ.​പി.​എ​ൽ) ഫ്രാ​ഞ്ചൈ​സി​യാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ൽ​നി​ന്ന് ബം​ഗ്ലാ​ദേ​ശ് പേ​സ​ർ മു​സ്ത​ഫി​സു​ർ റ​ഹ്മാ​നെ ഒ​ഴി​വാ​ക്കി​യ​തി​നെ ചൊ​ല്ലി​യാ​ണ് ക്രി​ക്ക​റ്റ് ത​ർ​ക്കം തു​ട​ങ്ങി​യ​ത്. ഈ ​ന​ട​പ​ടി അ​ന്യാ​യ​മാ​ണെ​ന്ന് ബം​ഗ്ലാ​ദേ​ശ് പ്ര​തി​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ട്വ​ന്റി20 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ക​ളി​ക്കി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് തീ​രു​മാ​നി​ച്ച​ത്.

സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​ത്. ശ്രീ​ല​ങ്ക​യി​ൽ മാ​ത്ര​മേ ക​ളി​ക്കൂ​വെ​ന്നാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്റെ നി​ല​പാ​ട്. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐ.​സി.​സി) ബം​ഗ്ലാ​ദേ​ശി​നെ ലോ​ക​ക​പ്പി​ൽ​നി​ന്ന് വി​ല​ക്കി. ലോ​ക​ക​പ്പ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കേ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ൽ ഭ​ര​ണ​മാ​റ്റ​വും പു​തി​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ക്രി​ക്ക​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​മു​ണ്ടാ​യ​ത്.

ബം​ഗ്ലാ​ദേ​ശി​ന് പ​ക​രം സ്കോ​ട്ട്ല​ൻ​ഡാ​ണ് ലോ​ക​ക​പ്പി​ൽ ക​ളി​ച്ച​ത്. എ​ന്നാ​ൽ, പി​ഴ​യ​ട​ക്കം ക​ർ​ശ​ന​ന​ട​പ​ടി ഒ​ഴി​വാ​ക്കി​യ ഐ.​സി.​സി, ഭാ​വി​യി​ൽ ക്രി​ക്ക​റ്റ് ആ​തി​ഥേ​യ​ത്വ​ത്തി​നു​ള്ള അ​വ​സ​രം ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. മു​ൻ ബം​ഗ്ലാ​ദേ​ശ് ഫു​ട്ബാ​ൾ ടീം ​ക്യാ​പ്റ്റ​ൻ കൂ​ടി​യാ​ണ് യു​വ​ജ​ന, കാ​യി​ക സ​ഹ​മ​ന്ത്രി അ​മി​നു​ൾ ഹ​ഖ്. ഇ​ന്ത്യ​യു​മാ​യു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ത​ന്റെ പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഐ.​സി.​സി നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ച​ർ​ച്ച​യി​ലൂ​ടെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യും സൗ​ഹൃ​ദ​ബ​ന്ധം നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്നം വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റോ​ട് പ​റ​ഞ്ഞ​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.