സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സൂചന പണിമുടക്ക് ഇന്ന്; കൂടുതല്‍ സമരങ്ങളിലേക്ക് നീങ്ങുമെന്ന് യു.എൻ.എ
തൃശൂര്‍: കുറഞ്ഞ വേതനം 40,000 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ ശനിയാഴ്ച സൂചന പണിമുടക്ക് നടത്തും.
ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാര്‍ ജോലിക്ക് കയറി, ബാക്കിയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ദേശീയ അധ്യക്ഷന്‍ ജാസ്മിന് ഷാ അറിയിച്ചു.
പല ആശുപത്രി മാനേജ്മെന്റുകളും വേതനം ഉയര്‍ത്താന്‍ തയാറാണെങ്കിലും സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് തടസ്സം. സൂചന പണിമുടക്കിനു ശേഷം കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങും.
പണിമുടക്ക് ദിവസം തൃശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡിന് സമീപം അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും. നിലവില്‍ 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം.
