മെൻസ് സൈക്ലിങ് ചാമ്പ്യൻഷിപ്; അൽഐൻ റോഡുകളിൽ ഇന്ന് നിയന്ത്രണം

ദുബൈ: യു.എ.ഇ ടൂർ മെൻസ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനോടുബന്ധിച്ച് അൽഐനിലെ പ്രധാന റോഡുകളിൽ ഫെബ്രുവരി 21ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അൽഐൻ മ്യൂസിയം മുതൽ ജബൽ ഹഫീത്തു വരെയുള്ള റോഡുകളിലാണ് നിയന്ത്രണം. ഇതുവഴി പോകുന്ന യാത്രക്കാർ ബദൽ മാർഗങ്ങൾ തേടുകയോ യാത്രക്ക് കൂടുതൽ സമയം മാറ്റിവെക്കുകയോ ചെയ്യണമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. ശനിയാഴ്ച അൽ ഐൻ മ്യൂസിയം ഭാഗത്തു നിന്നാണ് സൈക്ലിങ് റേസിന്റെ തുടക്കം ക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റും ചുറ്റുമുള്ള ഉൾറോഡുകളും ഉച്ചക്ക് 12.30നും ഒരുമണിക്കും ഇടയിൽ അടച്ചിടും. രണ്ടാം ഘട്ട നിയന്ത്രണം ഉച്ചക്ക് 12.40നും 1.20നും ഇടയിലായിരിക്കും.
മ്യൂസിയം ഡിസ്ട്രിക്ടിനെ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ ഉച്ചക്ക് 12.55 മുതൽ 1.35 വരെ കിഴക്ക് ഭാഗത്തേക്ക് നിയന്ത്രണങ്ങൾ വ്യാപിപ്പിക്കും. തുടർന്ന് പെലോട്ടൺ അൽ ജിമിയിലേക്ക് സൈക്ലിങ് തുടരുന്നതിനാൽ ഉച്ചക്ക് ഒന്നിനും 1.40നും ഇടയിൽ കൂടുതൽ അടച്ചിടലുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. അഞ്ചാം ഘട്ടത്തിൽ എയർപോർട്ട്, മറ്റ് പരിസര പ്രദേശങ്ങളിലെ റോഡുകളിൽ 1.10 മുതൽ 1.55 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തുടർന്ന് ഉൾ റോഡുകളിലൂടെ റേസ് തുടരുന്ന സാഹചര്യത്തിൽ 1.30 മുതൽ 2.15 വരെയും 1.45 മുതൽ 2.25 വരെയും താമസ, വാണിജ്യ മേഖലകളിൽ ഗതാഗത നിയന്ത്രണം പ്രതീക്ഷിക്കാം. വൈകീട്ട് സാക്കിർ ആൻഡ് ഗ്രീൻ മുബസ്സറാ ഭാഗത്തേക്കുള്ള റോഡുകളിലും നിയന്ത്രണമുണ്ടാകും. 3.05 മുതൽ 3.40 വരെയും 3.10 മുതൽ 3.55 വരെയുമാണ് ഇവിടെ നിയന്ത്രണമുണ്ടാകുക. ജബൽ ഹഫീത്തിന്റെ താഴ്വരയിലേക്ക് സൈക്ലിസ്റ്റുകൾ എത്തുന്നതുവരെ ഉച്ചകഴിഞ്ഞ് 3.45 മുതൽ 4.30 വരെ മത്സരത്തിന്റെ അവസാന ഘട്ടം വരെ റോഡ് അടച്ചിരിക്കും.
