'വയറ്റിൽ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം' -എം.വി ഗോവിന്ദൻ



തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടങ്ങിയത് ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇന്നും നാളെയും നടന്നാലേ തുടർച്ചയായി കണക്കാക്കാൻ കഴിയൂ എന്നും ഇത് അഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ തുടരെ പ്രശ്നങ്ങളാണെന്ന് വരുത്താനാണ് ശ്രമമെന്നും ഇതിനെതിരെ മുൻകരുതൽ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന് ഓപ്പറേഷനുകൾ നടക്കുന്ന സംസ്ഥാനത്ത് ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടായെന്ന് കരുതി പർവതീകരിക്കേണ്ടെന്നും ഇതുവരെ രണ്ട് സംഭവങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ളതെന്നും ഇനി ഉണ്ടാകാതിരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ വസതിക്കു നേരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ എം.വി ഗോവിന്ദൻ അപലപിച്ചു. സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും യു.ഡി.എഫും ശ്രമിക്കുന്നതെന്നും കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഡാലോചന കൂടി യൂത്ത് കോൺഗ്രസിനു പിന്നിലുണ്ടെന്നും കൂട്ടിച്ചേർത്തു.