മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു



കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും പതിറ്റാണ്ടുകൾ വടകരയുടെ ജനമനസ്സു കീഴടക്കിയ പാർലമെന്റ് അംഗവുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ നിര്യാതനായി. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1971 മുതൽ 91 വരെ തുടർച്ചയായി ആറുതവണ വടകര ലോക്സഭ ​മണ്ഡലത്തിൽനിന്ന് വിജയിച്ചു. 1971ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980, 1984, 1989, 1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും വടകരയുടെ പ്രതിനിധിയായി. 1989-90 കാലഘട്ടത്തിൽ വി.പി. സിങ് മന്ത്രിസഭയിൽ അംഗമായ അദ്ദേഹം ടെലി കമ്യൂണിക്കേഷൻ, ഉപരിതല ഗതാഗതം, ഷിപ്പിങ് വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരു​ന്നു.