സുരക്ഷിത ഡിജിറ്റൽ പഠനാന്തരീക്ഷം; കുട്ടികൾക്കായി ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ’



തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ 2026’ പ്രസിദ്ധീകരിച്ചു.

നിർമിത ബുദ്ധി സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളും സൈബർ കുറ്റകൃത്യങ്ങളും അവയുടെ പ്രതിരോധ മാർഗങ്ങളും നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്താണ് പ്രോട്ടോക്കോൾ തയാറാക്കിയിരിക്കുന്നത്. സ്ഥാപന മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനറേറ്റീവ് എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ രഹസ്യവിവരങ്ങൾ പങ്കുവെയ്ക്കുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ വിവരങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കാനുള്ള കഴിവ് വളർത്തൽ, വ്യാജ വാർത്തകൾ തിരിച്ചറിയൽ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി കുട്ടികളെ മാറ്റൽ തുടങ്ങിയ പതിമൂന്ന് കാര്യങ്ങളാണ് പ്രോട്ടോകോൾ ലക്ഷ്യമിടുന്നത്.

അക്കാദമിക പ്രവർത്തനങ്ങൾ, എ.ഐ ഉപയോഗം, ഭരണപരമായ ഡേറ്ററ്റ കൈമാറ്റം, ഓൺലൈൻ പഠന പരിസരം എന്നിവ ഉൾപ്പെടെ ഒമ്പത് പ്രധാന പ്രവർത്തന മേഖലകളും വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ പ്രവൃത്തി സമയത്ത് തടസ്സമില്ലാതെ ഇന്റർനെറ്റ് എല്ലാ കുട്ടികൾക്കും ലഭ്യമാക്കുകയും അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് നിർദേശിക്കുന്നു.

സ്കൂളുകളിൽ സൈബർ സുരക്ഷ സമിതി രൂപവത്കരിക്കുകയും സൈബർ സേഫ്റ്റി കോഓർഡിനേറ്ററെ ചുമതലപ്പെടുത്തുകയും വേണം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ‘പ്രൈവസി ബൈ ഡിസൈൻ’ തത്വങ്ങൾ പാലിച്ച് ക്ലാസ് മുറികളിൽ സ്വകാര്യ സെർവറുകൾ ഉപയോഗിച്ചുള്ള തത്സമയ സി.സി. ടി.വി. നിരീക്ഷണം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ക്ലാസ് സമയത്ത് പരിശോധിച്ചുറപ്പിക്കാത്ത വിവരങ്ങൾ ഇന്റർനെറ്റിൽനിന്ന് നേരിട്ട് ഉപയോഗിക്കരുതെന്നും വിദ്യാർഥികളുടെ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും വ്യക്തമാക്കുന്നു. സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളാണ് പ്രോട്ടോകോളിലുള്ളതെന്നും ആറുലക്ഷം രക്ഷിതാക്കൾക്ക് നൽകുന്ന ‘സർവം എ.ഐ മയം’ പരിശീലനത്തിന്റെ കൂടി തുടർച്ചയായി അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനങ്ങളും സൈബർ സേഫ്റ്റി ക്ലിനിക്കുകളും സംഘടിപ്പിക്കുമെന്നും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു.