മുജ്തബ ഖാംനഈ ഇറാന്റെ പരമോന്നത നേതാവ്

 

തെഹ്‌റാൻ: ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത് ഇറാൻ. യുഎസ് ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മുജ്തബ ഖാംനഈക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാൻ പ്രസിഡന്റും സൈന്യവും സുപ്രിം കൗൺസിലും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാൻ നിലനിൽപ്പിനായുള്ള പോരാട്ടം നയിക്കുമ്പോഴാണ് 56-കാരനായ മുജ്തബ നേതൃത്വത്തിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയോ പൊതുജന വോട്ട് തേടുകയോ ചെയ്തിട്ടില്ലെങ്കിലും, പതിറ്റാണ്ടുകളായി ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ അതിശക്തനായ സ്വാധീനമുള്ള വ്യക്തിയാണ് മുജ്തബ ഖാംനഈ. തന്റെ പിതാവിനെപ്പോലെ തന്നെ അമേരിക്കയോടും ഇസ്രായേലിനോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ‘ശത്രുക്കൾ ഭയപ്പെടുന്ന ഒരാളായിരിക്കണം നേതാവ് എന്ന ആയത്തുല്ല അലി ഖാംനഈയുടെ ഉപദേശപ്രകാരമാണ് മുജ്തബയെ തിരഞ്ഞെടുത്തത്.

അതേസമയം മുജ്തബയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തങ്ങളുടെ അനുമതിയോ താത്പര്യമോ പരിഗണിക്കാതെയാണ് ഇറാൻ പുതിയ നേതാവിനെ തിരഞ്ഞെടുത്തതെന്നും മുജ്തബയെ അധികനാൾ വാഴിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാനിലെ ഭരണസംവിധാനം തന്നെ ഇല്ലാതാക്കുമെന്നും ആവശ്യമെങ്കിൽ കരസേനയെ അയക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ട്രംപിന് അവകാശമില്ലെന്ന് ഇറാൻ ഭരണകൂടം തിരിച്ചടിച്ചു. ”ഇറാന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്, എപ്സ്റ്റീന്റെ സംഘമല്ല” എന്ന് സ്പീക്കർ ഖാലിബാഫ് പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *