അങ്കമാലി വാഹനാപകടം: പൊലീസിന് ക്ലീൻ ചീറ്റ്
കൊച്ചി: അങ്കമാലിയിൽ വിദ്യാർഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തിൽ പൊലീസിന് ക്ലീൻ ചീറ്റ്. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട്. പ്രതിയെ പിടികൂടാൻ പൊലീസ് അലംഭാവം കാണിച്ചുവെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് കേസ് അന്വേഷിക്കാൻ റൂറൽ എസ്.പി നിർദേശം നൽകിയിരുന്നു.
പ്രതിയെ പിടികൂടാൻ കൃത്യമായ പരിശോധന നടത്തിയെന്നും പ്രതിയായ സിറിയക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്നുകളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന് ആറാം ദിവസമാണ് പ്രതി സിറിയക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രതിക്ക് രക്ഷപ്പടാൻ അവസരമൊരുക്കിയ കേസിൽ ഇയാളുടെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പൊലീസ് പിടികൂടാത്തതും പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് ഒത്താശ ചെയ്തുമെന്നാണ് ജാസ്‍ലിയയുടെ കുടുംബം ആരോപിച്ചിരുന്നത്.
അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനി ജാസ്‌ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്‍കമരണം സംഭവിച്ച ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.
