ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്ന് കരുതിയോ? പൊന്ന് വീണ്ടും ഞെട്ടിച്ചു; ഇടവേളക്ക് ശേഷം വിലയുയര്‍ന്നു

 

സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നിരിക്കുന്നത്. പവന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 110 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 103640 രൂപയായി. ഗ്രാമിന് ഇന്ന് 12955 രൂപയും നല്‍കേണ്ടതായി വരും.

ഇന്നലെ പവന് രണ്ടായിരത്തിലേറെ രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ എത്തിയേക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നതും, ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതും സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവിന് കാരണമായിട്ടുണ്ട്. ഇറാന്‍-അമേരിക്ക സമാധാനകരാറിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ വര്‍ധന ഈ ആഴ്ചയിലുണ്ടായിട്ടില്ല.

 

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *