ഐ.പി.എല്ലിൽ നയം വ്യക്തമാക്കി വൈഭവ് സൂര്യവംശി; തകർക്കണം ഗെയ്‍ലിെന്റ 175

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന് മാർച്ച് 28ന് തുടക്കമാകാനിരിക്കേ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി നയം വ്യക്തമാക്കിയിരിക്കുകയാണ്. കൂറ്റനടിക്കാരൻ ക്രിസ് ഗെയ്‍ലിെന്റ 175 റൺസ് എന്ന റെക്കോഡ് തകർക്കുകയാണ് താരം ഇത്തവണത്തെ ലക്ഷ്യമായി മുന്നോട്ടുവെച്ചിരിക്കുന്നത്. ഞായറാഴ്ച ന്യൂഡൽഹിയിൽ നടന്ന ബി.സി.സി.ഐ നമൻ പുരസ്കാരദാന ചടങ്ങിലാണ് വൈഭവ് തെന്റ ലക്ഷ്യം തുറന്നുപറഞ്ഞത്. സ്വന്തം ടീമായ രാജസ്ഥാൻ റോയൽസിനുവേണ്ടി കിരീടം നേടുകയാണ് ആത്യന്തിക ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.
ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ കഴിഞ്ഞ വർഷത്തെ പ്രകടനം ഒരു ട്രെയ്‍ലർ മാത്രമായിരുന്നുവെന്ന് കരുതേണ്ടിവരും. ശരിക്കുള്ളത് വരാനിരിക്കുന്നതേ ഉള്ളൂ. 2013 ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ക്രിസ് ഗെയ്ൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പുണെ വാരിയേഴ്സിനെതിരെ വെടിക്കെട്ട് പ്രകടനം നടത്തിയത്. ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ഈ റെക്കോഡ് പഴങ്കഥയാക്കാൻ വൈഭവിന് കഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കേവലം 66 പന്തിൽ 17 സിക്സറുകളുടെ അകമ്പടിയോടെയാണ് ക്രിസ് ഗെയ്ൽ റെക്കോഡ് സ്വന്തമാക്കിയത്. ആ മത്സരത്തിൽതന്നെ 30 പന്തിൽനിന്ന് ശതകം നേടി അതിവേഗ ഐ.പി.എൽ സെഞ്ച്വറിയും താരം നേടി.
ഐ.പി.എല്ലിൽ മറികടക്കാൻ ആഗ്രഹിക്കുന്ന മൂന്ന് റെക്കോഡുകളിൽ ഒന്ന് തിരഞ്ഞെടുക്കാനാണ് അവതാരകൻ ആവശ്യപ്പെട്ടത്. ഒരു ഓവറിൽ ആറ് സിക്സ് നേടുക, ഏറ്റവും വേഗമേറിയ ഐ.പി.എൽ സെഞ്ച്വറി നേടുക, ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ക്രിസ് ഗെയ്‍ലിെന്റ റെക്കോഡ് (175 റൺസ്) തകർക്കുക എന്നിവയായിരുന്നു മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ. ഇതിൽ തെന്റ ലക്ഷ്യം തിരഞ്ഞെടുക്കാൻ വൈഭവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
കഴിഞ്ഞ ഐ.പി.എല്ലിൽ 14ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന കീർത്തിയോടെയാണ് വൈഭവ് അരങ്ങേറ്റത്തിനിറങ്ങിയത്. ഐ.പി.എൽ കരിയറിലെ ആദ്യ ബാൾ തന്നെ സിക്സർ പറത്തിയായിരുന്നു തുടക്കം. പിന്നാലെ, ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽനിന്ന് ശതകം തികച്ച് വിസ്മയക്കൊടുമുടിയേറി. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് ആഘോഷിക്കാൻ പുതിയൊരു താരം പിറവിയെടുക്കുകയായിരുന്നു അവിടെ. ആരംഭ ശൂരത്വമായിരിക്കുമോ എന്ന സന്ദേഹം ചിലരെങ്കിലും പ്രകടിപ്പിച്ചു.
എന്നാൽ, ആ സംശയങ്ങളെല്ലാം അസ്ഥാനത്താക്കി മിന്നും പ്രകടനം തുടരുകയായിരുന്നു താരം. ഏഴ് മത്സരങ്ങളിൽനിന്ന് 252 റൺസാണ് വൈഭവ് ഐ.പി.എല്ലിൽ നേടിയത്. കഴിഞ്ഞമാസം നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽനിന്ന് 175 റൺസ് നേടി ടീമിനെ കിരീടത്തിലേക്ക് നയിക്കാനും വൈഭവിനായി. ടൂർണമെന്റിൽ 439 റൺസ് നേടി റൺ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുമെത്തി.
