'ഞാൻ ഒന്നും പറഞ്ഞിട്ടില്ല, അതൊക്കെ മാധ്യമ സൃഷ്ടി; ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും' -മറിയ ഉമ്മന്‍റെ സ്ഥാനാർഥിത്വത്തിൽ ചാണ്ടി ഉമ്മൻ
കോട്ടയം: മറിയ ഉമ്മന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ചാണ്ടി ഉമ്മൻ. വിവാദങ്ങളൊക്കെ നിങ്ങൾക്കാണ് എന്നും പാർട്ടിയാണ് ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നതെന്നും ചാണ്ടി ഉമ്മൻ മീഡിയാവണിനോട് പറഞ്ഞു. രണ്ട് മാസമായി നിരന്തരം വിവാദമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
എന്നാൽ ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മറിയ ഉമ്മനെ പരിഗണിക്കുന്നതിൽ ചാണ്ടി ഉമ്മന് അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്. മറിയിയെ സ്ഥാനാർഥിയാക്കിയാൽ രാജി വെക്കുമെന്നാണ് ചാണ്ടി ഉമ്മൻ അറിയിച്ചത്. വി.ഡി സതീശനെയും കെ.സി വേണുഗോപാലിനെയും നിലപാട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കുടുംബത്തിൽ നിന്ന് രണ്ട് പേർ വേണ്ട എന്നും മറിയക്ക് മത്സരിക്കണമെങ്കിൽ പുതുപ്പള്ളിയിൽ നിന്ന് മാറിത്തരാമെന്നും ചാണ്ടി നേതാക്കളെ അറിയിച്ചു.
ഒരു കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സര രംഗത്ത് എത്തിയാൽ അത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ആദർശത്തിന് എതിരാണ് എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ഇത് നേരത്തെ തന്നെ ചാണ്ടി ഉമ്മൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതാണ്. എന്നാൽ അപ്പോഴൊക്കെ അത്തരമൊരു ചർച്ചയില്ല എന്നായിരുന്നു നേതൃത്വത്തിന്‍റെ മറുപടി. ഇപ്പോൾ നടക്കുന്ന സ്ഥാനാർഥി ചർച്ചകളിൽ മറിയ ഉമ്മന്‍റെ പേര് ഉയർന്ന് വന്നതോടെയാണ് ചാണ്ടി വീണ്ടും എതിർപ്പ് അറിയിച്ചത്. മറിയയെ സ്ഥാനാർഥിയാക്കിയാൽ രാജിവെക്കുമെന്നും രാജിക്കത്ത് എഴുതി വെച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
