വള്ളിക്കുന്നിലേക്ക് ഞാൻ വരും, ടി.വി ഇബ്രാഹിമിനെ വിജയിപ്പിക്കും – ഇടതുമുന്നണി സ്ഥാനാർഥിയാകാനില്ലെന്ന് ഷാഫി ചാലിയം



കോഴിക്കോട് : ഇടതുമുന്നണി സ്ഥാനാർഥിയാകാനില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഐ.എൻ.എൽ നേതാക്കളടക്കം പലരും തന്നെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ ലീഗിൽ ഉറച്ചുനിൽക്കുന്നുവെന്നും ഷാഫി ചാലിയം പറഞ്ഞു. മുസ്ലിം ലീഗിന്‍റെ സംസ്ഥാന സെക്രട്ടറിയായ താൻ എങ്ങനെയാണ് സി.പി.എം സ്വതന്ത്രനായി മത്സരിക്കുകയെന്നും ഐ.എൻ.എല്ലിൽ സുഹൃത്തുക്കളായ പലരും തന്നെ ബന്ധപ്പെട്ടിരുന്നെന്നും ഷാഫി പറഞ്ഞു.

വള്ളിക്കുന്നിൽ സ്വതന്ത്രനായി മത്സരിക്കുമോ എന്നാണ് അവർ ചോദിച്ചത്. എനിക്ക് അതിന് കഴിയില്ല. മുസ്ലിം ലീഗിൽ ഉറച്ചുനിൽക്കുന്നു. പാണക്കാട് തങ്ങൾ ഒരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ അയാളെ വിജയിപ്പിക്കുക എന്നതാണ് എന്‍റെ ജോലി. അതിന് വള്ളിക്കുന്നിലേക്ക് ഞാൻ വരുമെന്നും ടി.വി ഇബ്രാഹിമിനെ വിജയപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ ഇത്തവണ ഇടമുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. നിർഭാഗ്യവശാൽ എന്നെ പരിഗണിക്കാൻ എന്‍റെ പാർട്ടിക്ക് കഴിഞ്ഞില്ല.അത് പാർട്ടിയുടെ കുറ്റമല്ല. എന്‍റെ നിർഭാഗ്യം കൂടിയാണ്.അതിനെ താൻ അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും ഷാഫി ചാലിയം കൂട്ടിച്ചേർത്തു.