നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ല- രമേഷ് പിഷാരടി
പാലക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. മുഴുൻ സമയംവും രാഷ്ടീയ പ്രവർത്തനത്തിനായി മാറ്റവെക്കുമെന്നും പിഷാരടി പറഞ്ഞു.
‘എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്. നിയമസഭയിലും എന്റെ ശബ്ദം ഉയരണം.അതിനായുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. രാഷ്ട്രീയം എന്നത് മനുഷ്യരുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയം പറഞ്ഞ് കടന്നാക്രമിക്കുന്നതും ഒച്ചയെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവര്‍ത്തിക്കുന്ന ആളാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസും പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരായ പീഡന കേസും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇത് സംസ്ഥാന തെരഞ്ഞെടുപ്പാണ്. ഇതൊന്നും നോക്കിയിട്ടില്ല ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നും’ പിഷാരടി മീഡിയവൺ ‘തീ പാറും മണ്ഡലത്തില്‍’ പറഞ്ഞു. പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥിയായ പിഷാരടിയെ വിമർഷിച്ച് നേരത്തെ സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ ലക്ഷ്യം വെച്ച് തോമസ് ഐസക് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. “കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ടുവന്നിട്ട്, വോട്ട് കിട്ടുന്നില്ലെന്നും എൽഡിഎഫ് വോട്ട് ഭിന്നിപ്പിക്കുന്നുവെന്നും പറയുന്നതിൽ എന്ത് കാര്യമാണുള്ളത്” എന്നായിരുന്നു ഐസക്കിന്റെ പരിഹാസം. ഇതിനെതിരേ യു.ഡി.എഫ് ശക്തമായി രംഗത്തത്തിയിരുന്നു. കലാകാരന്മാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സോഷ്യൽ മീഡിയയിവും വലിയ ചർച്ചയായി മാറിയിരിരുന്നു. തോമസ് ഐസകിന് മറുപടിയുമായി
നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു. “വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്നവനാണോ യഥാർത്ഥ കോമാളി?” എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.
ഐസക്കിന് മറുപടി നൽകാനില്ലെന്നും ‘സംസ്കാരം’ എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ലെന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം. തങ്ങൾക്കൊപ്പമല്ലാത്തവരെയെല്ലാം വെറുക്കപ്പെടേണ്ടവരായി ചിത്രീകരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
