ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് പരിക്കേറ്റ രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു
പന്തളം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കഴിഞ്ഞദിവസം എ.സി റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്തളം തോന്നല്ലൂർ ഉളമയിൽ ചാങ്ങിത്ത് വടക്കേതിൽ കെ.എം ഷുക്കൂർ -ഷാഹിന ദമ്പതികളുടെ മകൻ ജമീൽ അഹമ്മദ് (21) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ചങ്ങനാശ്ശേരി ആലപ്പുഴ റോഡിൽ മങ്കൊമ്പ് പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പന്തളം പൂഴിയ്ക്കാട് ദാറുൽ റഹ്മായിൽ ഷാലു കാസിമിന്റെ മകൻ അസ്ലം ഷലൂ (21)അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.
ഗുരുതര പരിക്കേറ്റ ജമീൽ അഹമ്മദ് വണ്ടാനം മെഡിക്കൽ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂർ കല്ലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ജമീൽ അഹമ്മദ് വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.
ഇരുവരും കുട്ടിക്കാലം മുതൽ സഹപാഠികൾ ആയിരുന്നു. അടൂർ ഐ.എച്ച്.ആർ.ഡിയിലെ അവസാന വർഷ വിദ്യാർഥികളാണ് മരിച്ച ഇരുവരും. ചൊവ്വാഴ്ച ജമീൽ അഹമ്മദിന്റെ ജന്മദിനം ആയിരുന്നു. രാത്രി ജമീൽ അഹമ്മദിന്റെ വീട്ടിലെത്തിയ അസ്ലം കൂട്ടുകാരോടൊപ്പം വീട്ടിൽ ജന്മദിനം ആഘോഷിച്ച ശേഷം റീൽ ചിത്രീകരിക്കാൻ ആലപ്പുഴക്ക് പോയി മടങ്ങുമ്പോൾ ആയിരുന്നു അപകടം. ജമീലിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം കടക്കാട് മുസ്ലിം ജുമാമസ്ജിദിൽ ഖബറടക്കും.
