ഹൈദരാബാദിൽ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന്റെ നില ഗുരുതരം
ഹൈദരാബാദ്: മാധാപൂരിൽ ഡി.സി.എം വാൻ സ്കൂട്ടറിലിടിച്ച് മലയാളി യുവതി കൊല്ലപ്പെട്ടു. മലപ്പുറം സ്വദേശിനി ഹാനിയ ആയിഷ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് അബ്ദുൽ ബാസിത്തിന് (26) ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി വൈകി മാധാപൂരിലെ മൈൻഡ് സ്പേസിന് സമീപമാണ് നടുക്കുന്ന അപകടം നടന്നത്.
സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. മൈൻഡ് സ്പേസിന് സമീപം വെച്ച് ഇവരുടെ സ്കൂട്ടറിൽ ഡി.സി.എം വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബാസിത് റോഡിലേക്ക് തെറിച്ചുവീണു. എന്നാൽ, വാനിന്റെ അടിയിൽ കുടുങ്ങിയ ആയിഷയെയും സ്കൂട്ടറിനെയും ഡ്രൈവർ ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നു. വഴിയാത്രക്കാർ വാൻ പിന്തുടർന്ന് തടഞ്ഞെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന ക്ലീനറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
നാട്ടുകാർ ഉടൻ തന്നെ ആയിഷയെയും ബാസിത്തിനെയും സമീപത്തെ എ.ഐ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആയിഷയെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ബാസിത് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ മലബാർ ഗോൾഡ് ഷോറൂമിലെ ജീവനക്കാരായിരുന്നു ഇരുവരും. കൂക്കട്ട്പള്ളിയിൽ സിനിമ കണ്ട് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം.
അപകടമുണ്ടാക്കിയ വാഹനം കർണാടക രജിസ്ട്രേഷനിലുള്ളതാണ്. ഒളിവിൽ പോയ ഡ്രൈവർക്കായി മാധാപൂർ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ആയിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. അപകടവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
