എ.ഐ ടെക്നോളജി ഉപയോ​ഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച 9-ാം ക്ലാസുകാരൻ അറസ്റ്റിൽ

വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങളുടെ കൂടെ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിദ്യാർത്ഥി പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരൻ വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെയും സംഘത്തിന്റെയും വലയിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും, സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത കൗമാരക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

നിരവധി വിദ്യാർത്ഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്. നിർമിച്ചെടുത്ത വ്യാജ ഫോട്ടോകൾ നിരവധി ഇൻസ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണി പെടുത്തുകയാണ് കൗമാരക്കാരൻ ചെയ്തത്. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വി.പി.എൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു നിർമ്മിച്ചു പ്രചരിപ്പിച്ചത്. ആയിരക്കണക്കിന് ഐ.പി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം കമ്പനികളിൽ നിന്നും ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമാണ് സൈബർ പൊലീസ് പ്രതിയിലേക്ക് എത്തിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ജോയ്സ് ജോൺ, എസ്.സി.പി.ഓ കെ.എ. സലാം, സി.പി.ഓമാരായ രഞ്ജിത്ത്, സി. വിനീഷ എന്നിവരും ഉണ്ടായിരുന്നു.

കൗമാരക്കാരായ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കേണ്ടതാണെന്നും കൗമാരക്കാർ ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെയും സിം കാർഡിന്റെയും നിയമപരമായ ഉടമസ്ഥാവകാശം മാതാപിതാക്കൾക്ക് ആയിരിക്കുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *