റൺമല താണ്ടാനാവാതെ ലഖ്നൗ, അപരാജിത കുതിപ്പിൽ ഒന്നാം സ്ഥാനത്തെത്തി പഞ്ചാബ്

മുല്ലാൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് തകർത്ത് ശ്രേയസ് അയ്യരും സംഘവും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പഞ്ചാബ് ഉയർത്തിയ 255 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ.
പ്രിയാൻഷ് ആര്യ (37 പന്തിൽ 93), കൂപ്പർ കൊനോലി (46 പന്തിൽ 87) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന് കരുത്തായത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 254 റൺസ് അടിച്ചുകൂട്ടിയത്. രണ്ടാം വിക്കറ്റിൽ പ്രിയാൻഷ് – കൊനോലി സഖ്യം പടുത്തുയർത്തിയ 182 റൺസാണ് പഞ്ചാബ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 9 സിക്സറുകളാണ് പ്രിയാൻഷിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ലഖ്‌നൗവിനായി പ്രിൻസ് യാദവും എം. സിദ്ധാർഥും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷും (40) ആയുഷ് ബദോനിയും (35) ലഖ്‌നൗവിന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നു. ഋഷഭ് പന്ത് (43), എയ്ഡൻ മാർക്രം (42) എന്നിവർ പൊരുതിയെങ്കിലും വിജയലക്ഷ്യം ബഹുദൂരമായിരുന്നു. പഞ്ചാബിനായി വിജയകുമാർ വൈശാഖ് നിർണ്ണായക ബ്രേക്ക് ത്രൂ നൽകി. ജയത്തോടെ സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് ഊട്ടിയുറപ്പിക്കാൻ പഞ്ചാബ് കിങ്‌സിനായി.
