അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്​മോർട്ടം കഴിഞ്ഞു, നാലുപേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരം, രണ്ടു പേർ വെന്റിലേറ്ററിൽ



തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച 13 പേരിൽ അഞ്ച്പേരുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഇതിൽ അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. ഇവരിൽ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

11 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളതെന്ന് തൃശൂർ കലക്ടർ ശിഖസുരേന്ദ്രൻ പറഞ്ഞു. അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേരുടെ നില തൃപ്തികരമാണ്. മൂന്നു പേരുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകി.

‘അഞ്ചുപേർ ക്രിട്ടിക്കലാണ്. ഇവരിൽ രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേർ ക്രിട്ടിക്കലല്ല. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം എലൈറ്റ് ആശുപത്രിയിലേക്ക് മാറി ചികിത്സ തേടുന്നുണ്ട്. അഞ്ച് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. മൂന്നുപേരുടെ മൃതദേഹം വിട്ടുനൽകി. ബാക്കിയുള്ള പോസ്റ്റ്മോർട്ടം രാവിലെ തുടങ്ങി. ഡിഎൻഎ സാമ്പ്ളിങ് എടുക്കാനുള്ള സംഘം ഉടൻ എത്തും.

രണ്ട് മൃതദേഹങ്ങളിൽ കൺഫ്യൂഷൻ ഉള്ളതുകൊണ്ട് ഡിഎൻഎ റിസൾട്ട് വന്നാൽ വിട്ടുനൽകും. പാലക്കാട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഡോക്ടർമാർ എത്തിയിട്ടുണ്ട്. ആവശ്യത്തിന് ഡോക്ടേഴ്സ് ഇപ്പോൾ ഉണ്ട്’ -കലക്ടർ പറഞ്ഞു.

തൃശൂർ നഗരത്തിനടുത്ത് മുണ്ടത്തിക്കോട്ടാണ് ഇന്നലെ ഉച്ചക്ക് ശേഷം 3.20ഓടെ ദുരന്തമുണ്ടായത്. 13 പടക്ക നിർമാണ തൊഴിലാളികളാണ് മരിച്ചത്. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സമീപത്തെ അഞ്ച് കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾക്ക് വിള്ളൽ വീണു.

തിരുവമ്പാടി ദേവസ്വം വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശിന്റെ ഉടമസ്ഥതയിലുള്ള ആറ് വെടിപ്പുരകളിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. മരിച്ചതിൽ വെന്നൂർ സ്വദേശി സുദർശനൻ (54), കുമരനല്ലൂർ സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മുണ്ടത്തിക്കോട് കുട്ടംകുളത്തുള്ള നിർമാണശാലയിലായിരുന്നു സ്ഫോടനം. മൂന്നര മുതൽ രാത്രി എട്ടര വരെ തുടർസ്‌ഫോടനങ്ങളാണ്‌ പ്രദേശത്ത്‌ ഉണ്ടായത്‌. 30ലധികം പേർ വെടിക്കെട്ടുപുരയിൽ ജോലിയിലുണ്ടായിരുന്നു.

ഏപ്രിൽ 24ന്‌ തൃശൂർ പൂരത്തിന്റെ ഭാഗമായ സാമ്പിൾ വെടിക്കെട്ടിനും 27ന്‌ പുലർച്ചയുള്ള പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ്‌ പൊട്ടിത്തെറിച്ചത്‌.

തീയും പുകപടലങ്ങളും പടർന്നതിനാൽ രക്ഷാപ്രവർത്തകർക്ക്‌ അടുത്തേക്ക്‌ എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. വെടിക്കെട്ടിനാവശ്യമായ പടക്കങ്ങള്‍, ഗുണ്ട്, അമിട്ട് തുടങ്ങിയ സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്. കനത്ത ചൂടായതിനാല്‍ ഏതു ഭാഗത്തു നിന്നാണ് തീപടര്‍ന്നതെന്ന് നിശ്ചയമില്ല. ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ പൊലീസും അഗ്‌നിശമന സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചാക്കിലാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരങ്ങളുടെ മുകളിലേക്കുവരെ തെറിച്ച ശരീര അവശിഷ്ടങ്ങള്‍ ഡ്രോണിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. സ്കൂബ സംഘം സമീപത്തെ ജലാശയങ്ങളിൽ മുങ്ങിത്തപ്പി. മുണ്ടത്തിക്കോട് അഞ്ചേക്കര്‍ പാടത്തിന് നടുവില്‍ അഞ്ച് ചെറിയ പടക്കപുരകളിലായാണ് കരിമരുന്നുകള്‍ ഒരുക്കിയിരുന്നത്. വലിയ കുഴിമിന്നലുകളും ഗുണ്ടുകളും ഡെയ്‌നകളുമാണ് സ്‌ഫോടനത്തില്‍ പൊട്ടിയത്.