മെസ്സിയോ റൊണാൾഡോയോ? 'ഗോട്ടിനെ' പ്രഖ്യാപിച്ച് പ്രീമിയർ ലീഗ് താരം

ലണ്ടൻ : ഫുട്ബോൾ ലോകത്തെ നിത്യഹരിത ചർച്ചയായ ലയണൽ മെസ്സി – ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിൽ തന്റെ നിലപാട് വ്യക്തമാക്കി പ്രീമിയർ ലീഗ് താരം അലക്സ് ഇവോബി. അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ഫുൾഹാമിന്റെ മിഡ്‌ഫീൽഡറായ ഇവോബി അഭിപ്രായപ്പെട്ടു.
‘ബീസ്റ്റ് മോഡ് ഓൺ’ എന്ന പോഡ്‌കാസ്റ്റിലാണ് മുൻ ആഴ്‌സണൽ താരം കൂടിയായ ഇവോബി മെസ്സിയെ തെരഞ്ഞെടുത്തത്. റൊണാൾഡോയ്‌ക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രഭാവം അതിശയിപ്പിക്കുന്നതാണെങ്കിലും മെസ്സിയുടെ സാന്നിധ്യം മറ്റൊന്നാണെന്ന് ഇവോബി പറയുന്നു. 2016-ൽ ആഴ്‌സണലിനായി കളിക്കുമ്പോൾ ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ മെസ്സിയെ നേരിട്ട അനുഭവം അദ്ദേഹം പങ്കുവെച്ചു.”മെസ്സി വളരെ ചെറുതാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ കളിക്കളത്തിൽ അദ്ദേഹം പുലർത്തുന്ന സ്വാധീനം അവിശ്വസനീയമാണ്. അന്ന് മെസ്സിക്കൊപ്പം നെയ്മർ, സുവാരസ്, ഇനിയേസ്റ്റ, സാവി തുടങ്ങി വമ്പൻ താരനിര തന്നെയുണ്ടായിരുന്നു,” ഇവോബി ഓർത്തെടുത്തു.
നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി ലയണൽ മെസ്സിയും അൽ നസർ ടീമിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും തകർപ്പൻ പ്രകടനം തുടരുകയാണ്. 2026-ലെ ലോകകപ്പിലും ഇരുവരും തങ്ങളുടെ രാജ്യങ്ങൾക്കായി ബൂട്ടുകെട്ടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
