ഡി.എൻ.എ ഫലം മറ്റന്നാൾ ലഭിക്കും, മൊബൈൽ യൂണിറ്റ് എത്തിയതോടെ ആദ്യ രണ്ട് ഘട്ടം പൂർത്തിയാക്കും -കലക്ടർ



തൃശൂർ: മൊബൈൽ ഡി.എൻ.എ യൂണിറ്റ് എത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ തൃശ്ശൂരിൽനിന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്ന് തൃശൂർ ജില്ല കലക്ടർ. ഡി.എൻ.എയുടെ അന്തിമഫലം തിരുവനന്തപുരത്തുനിന്നാകും വരിക. ഇന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡി.എൻ.എ പരിശോധന ഫലം വന്നതിനുശേഷമായിരിക്കും ഔദ്യോഗികമായി സ്ഥിരീകരിക്കുകയെന്നും കലക്‌ടർ പറഞ്ഞു. ലഭിച്ചിട്ടുള്ള 29 ശരീരഭാഗങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച തലയിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കും. ഡി.എൻ.എ ഫലത്തിനുശേഷമാക്കും സ്ഥിരീകരിക്കുകയെന്ന് കലക്ടർ പറഞ്ഞു. ഡി.എൻ.എ പരിശോധന ഫലം മറ്റന്നാൾ ലഭിക്കുമെന്ന് തൃശൂർ ജില്ല കലക്ടർ. മൊബൈൽ ഡി.എൻ.എ യൂണിറ്റ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

അതേസമയം, മുണ്ടത്തിക്കോട് പൊട്ടിത്തറിച്ച വെടിക്കെട്ട് പുരക്ക് ചുറ്റും വൈകിട്ടു പൊലീസ് നടത്തിയ മാസ്സ് പരിശോധനയിലാണ് ഒരാളുടെ തല കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിന്റെയും കെഡാവർ നായകളുടെയും സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്ന് 10 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. സ്ഥലത്തുനിന്ന് പിടിച്ചെടുത്ത 362 കിലോ വെടിമരുന്ന് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെടിക്കെട്ട് പുരക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒരു കൈ അകലത്തിൽ പൊലീസുകാർ മൂന്ന് വരികളിലായാണ് തെരച്ചിൽ നടത്തിയത്.

ഒന്നും ബാക്കിയവരുതെന്ന ലക്ഷ്യത്തോടെയുള്ള തെരച്ചിൽ ഫലം കണ്ടു. മൂന്ന് കേടാവർ നായകളും ബോംബ് സ്‌ക്വാഡിലെ രണ്ട് നായകളും പരിശോധനയിൽ പങ്കെടുത്തു. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ നടപടികൾ വിശദീകരിച്ചു. 37 പേരാണ് ദുരന്തത്തിൽ ഉൾപ്പെട്ടതെന്ന് പൊലീസ് പറയുന്നു. നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വെടിക്കെട്ട് കരാറുകാരൻ സതീശൻ ഉൾപ്പെടെ നാലു പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ കഴിയാത്ത ശരീര ഭാഗങ്ങളിൽനിന്നുള്ള ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചു. കത്തിക്കരിഞ്ഞല്ല ചിന്നിച്ചിതറിയാണ് ശരീര ഭാഗങ്ങൾ എല്ലാം എന്ന് ഫോറൻസിക് സർജൻ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം കഴിയും വരെ വെടിക്കെട്ട് പുര നിരോധിത മേഖലയാക്കി പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിമരുന്ന് ദുരന്തത്തിൽ 15 പേരാണ് മരിച്ചത്. ദുരന്തത്തിൽ 10 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഒമ്പത് പേരുടെ മൃതദേഹങ്ങൾ ലഭിച്ചതിൽ എട്ടുപേരെ തിരിച്ചറിഞ്ഞതായും അവ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായും അധികൃതർ അറിയിച്ചു. ഒരു ഭാഗിക മൃതദേഹവും ശരീരാവശിഷ്ടങ്ങളും ഇതുവരെ തരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തിവരുന്നുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി കാണാതായവരുടെ ബന്ധുക്കളുടെ ശരീര സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ പരിശോധനക്കയച്ചു. വെടിക്കെട്ട് കരാർ ഉടമ മുണ്ടത്തിക്കോട് സതീശൻ 85 ശതമാനത്തിലധികം പൊള്ളലുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. മറ്റു മൂന്നുപേരും ഗുരുതരാവസ്ഥയിൽ തുടരുന്നു.

അതിനിടെ, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ അധികൃതർ തീരുമാനിച്ചു. വെടിക്കെട്ടും കുടമാറ്റത്തിന്റെ വർണപ്പൊലിമയും ഉണ്ടാവില്ല. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ ധാരണയായത്. വെടിക്കെട്ടിന് പകരം പ്രതീകാത്മകമായി കതിനകൾ പൊട്ടിക്കും. ഉപചാരം ചൊല്ലിപ്പിരിയുന്നതിന് മുന്നോടിയായുള്ള പകൽ വെടിക്കെട്ടും ഒഴിവാക്കി.

പൂരത്തിന്റെ വിശ്വപ്രസിദ്ധമായ കുടമാറ്റം 15 മിനിറ്റായി ചുരുക്കും. പത്തിൽ താഴെ കുടകൾ മാത്രമേ ഉപയോഗിക്കൂ. അതേസമയം, പൂരത്തിന്റെ പ്രൗഢി നിലനിർത്തുന്നതിനായി ഇരുവിഭാഗത്തുമായി 15 വീതം ആനകളെ അണിനിരത്തും. മേളത്തിന് മാറ്റമുണ്ടാകില്ലെങ്കിലും ആഘോഷങ്ങളിലെ ആർഭാടം കുറക്കും. ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകളും ചടങ്ങുകളും പതിവുപോലെ നടക്കും.