ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോക്കെതിരെ യുവേഫയുടെ അവിശ്വാസപ്രമേയ നീക്കം

ലണ്ടൻ: ലോകകപ്പ് ഉൾപ്പെടെ പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാൻ നടത്തിയ വിവാദ നീക്കം അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്ക് പുറത്തേക്ക് വഴി തുറക്കുമോ? ഇൻഫാന്റിനോക്കെതിരെ അടിയന്തര അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനുകളുടെ കൂട്ടായ്മയായ യുവേഫ.

ഇൻഫാന്റിനോ ഉടൻ രാജിവെച്ചില്ലെങ്കിൽ അടിയന്തരമായി അവിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ‘ദ ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. യുവേഫക്ക് കീഴിലെ മുഴുവൻ അംഗരാജ്യങ്ങളും അദ്ദേഹത്തെ പുറത്താക്കുന്നതിനെ പിന്തുണക്കാൻ സന്നദ്ധമാണെന്നതാണ് നിലവിലെ സാഹചര്യം. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി), വടക്കൻ-മധ്യ അമേരിക്കൻ ഫുട്ബാൾ സംഘടനയായ കോൺകാഫ് തുടങ്ങിയ പ്രമുഖ കോൺഫെഡറേഷനുകളുടെ പിന്തുണയും പ്രമേയത്തിന് ലഭിച്ചാൽ ഇൻഫാന്റിനോയുടെ കാര്യം തീർത്തും പരുങ്ങലിലാവും.

ഫിഫയുടെ പുതിയ വാണിജ്യപദ്ധതിയായ ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ലോകമെമ്പാടുമുള്ള ഫുട്ബാൾ സംഘടനകളിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയർന്നത്. മേജർ ഫിഫ ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ കൈകാര്യം ചെയ്യാനും പുറത്തുനിന്നുള്ള നിക്ഷേപകർക്ക് സ്വന്തമാക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു പദ്ധതി. ഇത് സംഘടനയിൽ വലിയ ഭിന്നതക്ക് കാരണമാവുകയും ചെയ്തു. കടുത്ത സമ്മർദങ്ങൾക്കൊടുവിലാണ് ഫിഫ പദ്ധതി പൂർണമായി ഉപേക്ഷിക്കാൻ തയാറായത്.

യുവേഫക്ക് പുറമെ എ.എഫ്.സി, കോൺകകാഫ് തുടങ്ങിയവരും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. ഇൻഫാന്റിനോയുടെ മുതിർന്ന ഉപദേഷ്ടാവ് കാർലോസ് കോർഡെയ്‌റോ ഉൾപ്പെടെയുള്ളവർ പ്രതിഷേധസൂചകമായി സ്ഥാനം ഒഴിഞ്ഞു. പദ്ധതി ഉപേക്ഷിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച ഇൻഫാന്റിനോ, ഫുട്ബാളിന്റെ മികച്ച താൽപര്യങ്ങൾക്ക് വിരുദ്ധമായ ഭിന്നതകൾ ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരായ അതൃപ്തി ശമിച്ചിട്ടില്ല. പിൻവലിച്ചതിനെ ഫുട്ബാളിന്റെ വിജയം എന്ന് വിശേഷിപ്പിച്ച യുവേഫ ഫുട്ബാൾ വിൽപനക്കുള്ളതല്ല എന്ന് തുറന്നടിച്ചു.

അവിശ്വാസം പാസാവുമോ?

ഫിഫയുടെ ചട്ടപ്രകാരം 43 അംഗരാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിൽ യുവേഫക്ക് അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കും. നിലവിൽ യുവേഫയുടെ കീഴിലുള്ള 55 അംഗരാജ്യങ്ങളും പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ പുറത്താക്കുന്നതിനൊപ്പമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫിഫയിൽ ആകെയുള്ളത് 211 അംഗങ്ങളാണ്.

അവിശ്വാസം പാസാവാൻ 106 രാജ്യങ്ങളുടെ പിന്തുണ വേണം. കോൺകകാഫിൽ 35ഉം ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനിൽ 46ഉം അംഗങ്ങളുണ്ട്. ഇപ്രകാരം ആകെ 136 അംഗങ്ങളാണ് ഫിഫയുടെ പദ്ധതിയെ എതിർത്തത്. എന്നാൽ, ഇവരെല്ലാം അവിശ്വാസപ്രമേയത്തെ പിന്തുണക്കുമോയെന്ന് കണ്ടറിയണം. ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷനായ കാഫും (54) തെക്കെ അമേരിക്കൻ ഫെഡറേഷനായ കോൺമെബോലും (10) അടങ്ങുന്ന 64 അംഗരാജ്യങ്ങളാണ് ഇൻഫാന്റിനോയുടെ പ്രധാന കരുത്ത്.

2027ലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇരുന്നൂറോളം അംഗ രാജ്യങ്ങൾ ഇൻഫാന്റിനോക്കൊപ്പമായിരുന്നു. ഇതിൽ വലിയ ഇടിവാണുണ്ടാ‍യിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചാലും പഴയ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.