'ഞാൻ ഇസ്ലാമായി മതം മാറിയിട്ടില്ല, പാർട്ടിയിലേ ചേർന്നിട്ടുള്ളൂ'; ലീഗിൽ ചേർന്നതിന് പരിപാടികളിൽ വിലക്കേർപ്പെടുത്തിയതായി ഞെരളത്ത് ഹരിഗോവിന്ദൻ



മണ്ണാർക്കാട്: മുസ്ലിം ലീഗിൽ ചേർന്നതിന്റെ പേരിൽ ക്ഷേത്ര ചടങ്ങുകളിൽ തനിക്ക് വിലക്കേർപ്പെടുത്തിയതായി സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ. ഈ മാസം പങ്കെടുക്കേണ്ടിയിരുന്ന അഞ്ച് ക്ഷേത്രാനുബന്ധ പരിപാടികളിൽ നിന്നാണ് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ പരിപാടികളിൽ നിന്ന് തന്നെ വിലക്കിയതിൽ പരാതിയോ സങ്കടമോ ഇല്ലെന്നും എന്നാൽ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ മതം മാറിയിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുക മാത്രമാണ് ചെയ്തതെന്നും ഞെരളത്ത് ഓർമ്മിപ്പിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മുസ്ലീം ലീഗിൽ ചേർന്ന ശേഷം ഈ മാസം നടക്കേണ്ടിയിരുന്ന 5 ക്ഷേത്രാനുബന്ധ പരിപാടികളിൽ നിന്നും എന്നെ വിലക്കി. വരേണ്ട എന്നു പറഞ്ഞു. എന്നാൽ ലീഗിൽ ചേർന്ന ശേഷം ആദ്യമായി ഇന്ന് വൈകീട്ട് പാലക്കാട് മണ്ണാർക്കാട് തച്ചനാട്ടുകര പഴഞ്ചേരി ശിവക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ പോവുകയാണ്.. ഞാൻ ഇസ്ലാമായി മതം മാറിയിട്ടില്ല… പാർടിയിലേ ചേർന്നിട്ടുള്ളൂ… എന്നിട്ടും വിലക്കുകൾ…. സങ്കടമോ പരാതിയോ ഇല്ല… പക്ഷേ ഈ സമൂഹം എങ്ങോട്ടാണ് പ്രാന്തുപിടിച്ച് പോവുന്നത് എന്ന് മനുഷ്യസ്നേഹികൾ ചിന്തിക്കണം…

– ഞെരളത്ത് –