കൂരിയാട് ആറുവരിപ്പാത ഭാഗികമായി തുറന്നു; തകർന്ന റോഡ് അടച്ചിട്ടത് ഒരു വർഷം

വേങ്ങര: ഒരു വർഷം മുമ്പ് തകർന്ന കൂരിയാട് ആറുവരി ദേശീയപാതയില്‍ നിർമിച്ച വയഡക്ട് പണി പൂർത്തിയായതോടെ റോഡ് ഗതാഗതത്തിന് ഭാഗികമായി തുറന്ന് കൊടുത്തു. കോഴിക്കോട്ടുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള റോഡാണ് ഗതാഗതത്തിനു തുറന്നുകൊടുത്തത്. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ 380 മീറ്റര്‍ നീളത്തിലാണ് പുതിയ വയഡക്ട് നിർമിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മേയ് 19നാണ് ഈ ഭാഗത്ത് ഏകദേശം 40 അടി ഉയരത്തിൽ കെട്ടിപ്പൊക്കി നിർമിച്ച ആറുവരിപ്പാത തകർന്നത്. ഇരുഭാഗത്തും ഭിത്തി കെട്ടി ഇതിൽ മണ്ണുനിറച്ചാണ് 40 അടി ഉയരത്തില്‍ റോഡ് നിർമിച്ചിരുന്നത്. വെള്ളം ഒഴുകിപ്പോകുന്ന വയലിൽ ഇത്തരത്തിൽ വലിയ രീതിയിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചതിലെ അപാകത അന്നുതന്നെ നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. ടാറിങ് മുക്കാൽ ഭാഗവും പൂർത്തിയായ ശേഷമാണ് റോഡ് തകർന്നത്. ഇതോടെ ഇതുവഴി ഗതാഗതം നിർത്തിവെച്ചു.

വയഡക്ട് നിർമിക്കുന്നതിന് മുമ്പായി ഇരു ഭാഗത്തേയും സർവിസ് റോഡുകൾ പുനർനിർമിച്ചാണ് ഇവിടെ ഗതാഗത സൗകര്യം ഒരുക്കിയിരുന്നത്. കൂരിയാട് അടിപ്പാത മുതൽ കൂരിയാട് തോടിന് മുകളിലെ ആദ്യ പാലം വരെയാണ് പുതിയ വയഡക്ട് നിർമിച്ചിട്ടുള്ളത്. 13 സ്പാനുകളാണുള്ളത്. സ്പാനുകൾക്ക് 24 തൂണുകളുണ്ട്. ഒരു സ്പാനിന് 30 മീറ്ററാണ് നീളം. ഇരുഭാഗത്തേക്കും മൂന്നു വരിയുള്ള രണ്ട് ഭാഗങ്ങളായാണ് പാലം നിർമിച്ചത്. വയഡക്ടിന്റെ നിർമാണം തുടങ്ങി ഒരു വര്‍ഷം തികയുംമുമ്പ് തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാനായി. സൗന്ദര്യവത്കരണ പ്രവൃത്തിൾ ഇനിയും നടക്കാനുണ്ടെങ്കിലും റോഡ് തുറന്നുകൊടുത്തത് ദീർഘദൂര യാത്രക്കാർക്ക് അനുഗ്രഹമായി.