അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഭാഗം അഭിഭാഷകന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹുസൈനെ വെറുതെ വിട്ടത്. അതേസമയം, മറ്റ് പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള പ്രതികളോട് ഇന്ന് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. 2018 ഫെബ്രുവരി 22നാണ് വിശന്നുവലഞ്ഞ ആദിവാസി യുവാവ് മധുവിനെ പ്രതികൾ മർദിച്ചുകൊന്നത്.
പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉൾപ്പെടെ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്‍റെ അമ്മ മല്ലിയും നൽകിയ ഹരജികളിലും കോടതിയുടെ തുടർനടപടികൾ വരാനുണ്ട്. ഹുസൈനെ വെറുതെ വിട്ടതിന്‍റെ കൃത്യമായ കാരണങ്ങൾ വിധിപ്പകർപ്പ് പൂർണമായി ലഭ്യമാകുന്നതോടെ മാത്രമേ വ്യക്തമാകൂ.
വിധി പറയുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രില്‍ 28-ന് വിചാരണ തുടങ്ങിയതുമുതല്‍ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു. പ്രോസിക്യൂഷൻ മാത്രം 103 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. നേരത്തെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവർ പോലും കൂറുമാറിയതിൽ ഉൾപെടുന്നു. പ്രതികളുടെ സമ്മർദത്തെ തുടർന്നാണ് കൂറുമാറ്റമെന്ന് പിന്നീട് തെളിഞ്ഞു.
