ഓർമയിൽ എസ്കോബാർ; വധഭീഷണിക്കു പിന്നാലെ ഒളിവിൽ പോയി കൊളംബിയൻ താരം

ബൊഗോട്ട: ലോകകപ്പ് ഫുട്ബാൾ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനിടെ ഗോളവസരം നഷ്ടമാക്കിയ കൊളംബിയൻ താരത്തിന് വധഭീഷണി. മധ്യനിര താരം ജാമിൻട്ടൻ കാമ്പാസിനാണ് ആരാധകരുടെ വധഭീഷണി ഉയർന്നത്. ഇതിന് പിന്നാലെ താരം ഒളിവിൽ പോയതായി റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ നിന്നും താരം നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്നാണ് സൂചന. സംഭവത്തിൽ കൊളംബിയൻ ഫുട്ബോൾ അസോസിയേഷൻ അപലപിച്ചു.
പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിന് എതിരെ നടന്ന മത്സരത്തിലാണ് പകരക്കാരനായി ഇറങ്ങിയ ജാമിൻട്ടന് ഗോളിലേക്ക് സുവർണാവസരം ലഭിച്ചത്. എന്നാൽ കാമ്പാസ് എടുത്ത ഷോട്ട് പോസ്റ്റിൽ നിന്നും മാറി പുറത്തേക്ക് തെറിച്ചു. കളി ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ, പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയ പുറത്താവുകയായിരുന്നു. 1994 ലോകകപ്പിൽ കൊളംബിയയുടെ തോൽവിക്ക് കാരണമായ ആന്ദ്രെ എസ്കോബാറിനെ അക്രമികൾ വെടിവെച്ച് കൊന്നതിന്റെ നടുക്കുന്ന ഓർമയിലാണ് കാമ്പസിനെതിരായ ഭീഷണിയും വാർത്തകളിൽ നിറയുന്നത്.
