ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം; വ‍്യാപക കൃഷിനാശം

കാട്ടാനക്കൂട്ടം നശിപ്പിച്ച അബ്ദുൽ ജലീലിന്‍റെ വാഴത്തോട്ടം

നിലമ്പൂർ: വഴിക്കടവ് പൂവത്തിപ്പൊയിൽ, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം. രണ്ട് വീടുകളുടെ അടുക്കള ഭാഗങ്ങൾ ഭാഗികമായി തകർത്തു. പ്രദേശങ്ങളിൽ വ‍്യാപകമായി കൃഷിനാശവും വരുത്തി. ആനമറിയിലെ മൊളയംപറമ്പിൽ സൈനബയുടെയും പുഞ്ചക്കൊല്ലി കുമാരദാസന്‍റെയും വീടുകളുടെ അടുക്കള ഭാഗമാണ് കാട്ടാനക്കൂട്ടം പൊളിച്ചത്. അരി, പഞ്ചസാര, മറ്റ് പലവ‍്യജ്ഞന സാധനങ്ങൾ എന്നിവ കാട്ടാനക്കൂട്ടം തിന്നുകയും നശിപ്പിക്കുകയും ചെയ്തു. കുമാരദാസന്‍റെ വീട്ടിന്‍റെ അടുക്കള രണ്ടാം തവണയാണ് ആനകൾ പൊളിക്കുന്നത്. മുമ്പും അടുക്കളയിലെ പലവ‍്യഞ്ജന സാധനങ്ങൾ കാട്ടാന തിന്നിരുന്നു.

പൂവത്തിപ്പൊയിൽ ഡീസന്‍റ് കുന്നിലെ പുല്ലംതൊടി അബ്ദുൽ ജലീലിന്‍റെ 500 ഓളം വാഴകൾ പാടെ നശിപ്പിച്ചു. 700 ഓളം വാഴകളാണ് കൃഷിയിടത്തിലുണ്ടായിരുന്നത്. ഇതിൽ മുക്കാൽ പങ്കും ആനകൾ നശിപ്പിച്ചു. രാമത്തുപറമ്പിൽ രാമചന്ദ്രന്‍റെ തെങ്, വാഴ, കമുക് എന്നിവയും പുലിയോടൻ ജാഫറിന്‍റെ കമുകുകളും നശിപ്പിച്ചു.

ഇവിടെ നെല്ലിക്കുത്ത് വനാതിർത്തിയിൽ വനം വകുപ്പ് നിർമിച്ച സോളാർ തൂക്ക് വേലികഴിഞ്ഞ മാസത്തെ കാറ്റിൽ മരങ്ങൾ വീണ് തൂണുകൾ പൊട്ടി തകർന്ന് കിടക്കുകയാണ്. ഇതുവഴിയാണ് കാട്ടാനകൾ ഇറങ്ങുന്നത്. ആനമറിയിൽ വനാതിർത്തി ഭാഗത്ത് 600 ഓളം മീറ്റർ ദൂരത്തിൽ വേലി സ്ഥാപിച്ചിട്ടില്ല. വേലി സ്ഥാപിക്കാൻ വനം വകുപ്പ് ഫണ്ട് വകയിരുത്തിയിട്ട് ഒരു വർഷത്തോളമായി. എന്നാൽ പ്രവൃത്തി നീളുകയാണ്. കൃഷിനാശം വരുത്തിയ ഇടങ്ങളിൽ നെല്ലിക്കുത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ആർ. രാജേഷിന്‍റെ നേതൃത്വത്തിൽ വനപാലകരെത്തി നാശനഷ്ടം വിലയിരുത്തി.

തൂക്കുവേലി നിർമാണം ഇന്ന് തുടങ്ങും

നിലമ്പൂർ: നെല്ലിക്കുത്ത് വനാതിർത്തിയിൽ ആനമറിയിൽ ശേഷിക്കുന്ന ഭാഗത്ത് സോളാർ തൂക്ക് വേലിയുടെ നിർമാണ പ്രവൃത്തി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാനാണ് കാലതാമസം വന്നത്. പൂവത്തിപ്പൊയിലിൽ കാറ്റിൽ മരങ്ങൾ വീണ് തകർന്ന സോളാർ ഫെൻസിങ് നന്നാക്കുന്ന പ്രവൃത്തി ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.