ചരിത്രം കുറിച്ച് ആർ. പ്രഗ്‌നാനന്ദ; നോർവെ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ

ഓസ്ലോ (നോർവെ): നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ. ഓസ്ലോയിൽ നടന്ന ടൂർണമെന്‍റിന്‍റെ അവസാന റൗണ്ടിൽ ജർമനിയുട വിൻസെന്‍റ് കെയ്മറെയാണ് ഇരുപതുകാരൻ പരാജയപ്പെടുത്തിയത്.

ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനോ നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനോ കൈവരിക്കാനാകാത്ത നേട്ടമാണ് പ്രഗ്‌നാനന്ദ സ്വന്തമാക്കിയത്. 18 പോയന്റുകൾ നേടിയാണ് പ്രഗ്‌നാനന്ദ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസണെ ഒരു ടൂർണമെന്റിൽ തന്നെ രണ്ട് തവണ ക്ലാസിക്കൽ ചെസ്സിൽ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി പ്രഗ്‌നാനന്ദ. വിശ്വനാഥൻ ആനന്ദ് മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ, 2026ൽ ക്ലാസിക്കൽ ഗെയിമുകളിൽ കാൾസണെ രണ്ട് തവണ തോൽപ്പിക്കുന്ന ആദ്യ താരം കൂടിയാണ് പ്രഗ്‌നാനന്ദ.

അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ 17 പോയന്റും അലിറെസ ഫിറൂജ 15.5 പോയന്റും നേടി യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങളിലെത്തി. ഗുകേഷിന് ടൂർണമെന്റിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. ടൂർണമെന്റിന്റെ ചിലഘട്ടങ്ങളിൽ തിരിച്ചടികൾ നേരിട്ടെങ്കിലും ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് പ്രഗ്‌നാനന്ദ കിരീടത്തിൽ എത്തിയത്. അലിറെസ ഫിറൂജ, കാൾസൺ, ഡി. ഗുകേഷ് എന്നിവർക്കെതിരേ നേടിയ വിജയം കിരീടനേട്ടത്തിൽ നിർണായകമായി. 13 പോയന്‍റുമായി മാഗ്‌നസ് കാൾസൺ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ലോകത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ടൂർണമെന്‍റിലാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം. അവസാന ദിനം 15 പോയന്‍റുമായി പ്രഗ്‌നാനന്ദ രണ്ടാം സ്ഥാനത്തായിരുന്നു. വെസ്ലി 15.5 പോയന്‍റുമായി മുന്നിലായിരുന്നു. അതുകൊണ്ടുതന്നെ രണ്ട് കളിക്കാർക്കും കിരീടം നേടാൻ സാധ്യതയുണ്ടായിരുന്നു. വെസ്ലി-അലിറെസ ഫിറൂജ അവസാന റൗണ്ട് മത്സരം സമനിലയിൽ കലാശിച്ചു.