കോമൺവെൽത്ത് ഗെയിംസ്: പുരുഷ പവർലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ജന്ദുകുമാറിന് വെങ്കലം

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്ന് ഇന്ത്യ. പാരാ അത്ലറ്റിക് വിഭാഗം പവർലിഫ്റ്റിങ്ങിൽ വെങ്കല മെഡലുമായി ജന്ദുകുമാർ ആണ് ഗ്ലാസ്ഗോയിൽ ഇന്ത്യൻ വേട്ടക്ക് തുടക്കം കുറിച്ചത്. പുരുഷ വിഭാഗം ഹെവിവെയ്റ്റ് കാറ്റഗറിയിൽ 190 കിലോ ഗ്രാം ഉയർത്തിയ ജന്ദു രാജ്യത്തിന്റെ അഭിമാനമായി മാറി. അവസാന ശ്രമത്തിൽ 196 കിലോ ഉയർത്തി ഗെയിംസ് റെക്കോഡ് തിരുത്താൻ ശ്രമിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. ബിഹാറിലെ നളന്ദ സ്വദേശിയാണ് പാരാ അത്ലറ്റായ ജന്ദു കുമാർ.
നേരത്തെ പുരുഷ ലൈറ്റ് വെയ്റ്റ് പവർലിഫ്റ്റിങ് ഫൈനലിൽ ഇന്ത്യയുടെ അശോക് മാലികിന് നേരിയ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. 200 കിലോ ഉയർത്തിയ താരം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തിൽ ജസ്പ്രീത് കൗർ ആറും, സുമൻ ദേവി ഏഴും സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചെറുപ്രായത്തിൽ പോളിയോ ബാധിച്ച് ജീവിതം ദുരിതകയത്തിലായിടത്തു നിന്നാണ്, കഠിനാധ്വാനത്തിലൂടെ വളർന്ന ജന്ദു കുമാർ കോമൺവെൽത്ത് ഗെയിംസിന്റെ മെഡൽ പോഡിയത്തോളം ഉയരത്തിലെത്തിയത്. ജന്ദുവിന്റെ മെഡൽ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ബോക്സിങ്ങിൽ പ്രീക്വാർട്ടർ
മൂന്നാം ദിനത്തിൽ വിവിധ ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. നീന്തൽ കുളത്തിൽ 400 മീ ഫ്രീസ്റ്റൈലിൽ ദക്ഷൺ ശശികുമാർ, ആര്യൻ നെഹ്റ എന്നിവർ ഹീറ്റ്സിൽ പുറത്തായി. അതേസമയം, മെഡൽ പ്രതീക്ഷയുള്ള ബോക്സിങ് റിങ്ങിൽ നിന്നാണ് കൂടുതൽ നല്ല വാർത്തകളെത്തുന്നത്. 60 കിലോയിൽ മുൻ യൂത്ത് വേൾഡ് ചാമ്പ്യൻ സചിൻ സിവാച് പ്രീക്വാർട്ടറിലേക്ക് അനായാസ കുതിപ്പ് നടത്തി. കാനഡയുടെ കിയോമോ അലി അൽ അഹ്മദിയെ 4-1ന് ഇടിച്ചിട്ടായിരുന്നു കുതിപ്പ്.
വനിതാ ലോൺ ബാൾ ടീം ഇനത്തിൽ രൂപ റാണി ടിർക്കി-പിങ്കി സിങ് സഖ്യം ടൈബ്രേക്കർ ജയവുമായി ഇന്ത്യൻ താരങ്ങൾ മുന്നേറി. മൂന്നാം ജയവുമായി ബി സെക്ഷനിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മൂന്നാം ദിനത്തിൽ ആസ്ട്രേലിയൻ സ്വർണവേട്ട ടോപ് ഗിയറിലേക്ക് മാറി. ആറ് സ്വർണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമായി ഒന്നാം സ്ഥാനത്താണുള്ളത്. മൂന്ന് സ്വർണവുമായി നൈജീരിയ രണ്ടാം സ്ഥാനത്തുണ്ട്.
