പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ്; മലപ്പുറത്ത് 42,199 പേർ പുറത്ത്

മലപ്പുറം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 42,199 പേർ പുറത്ത്. ഒന്നാംഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടാത്തവർ പ്രവേശനത്തിനായി രണ്ടാംഘട്ട അലോട്ട്മെന്റ് വരെ കാത്തിരിക്കണം. ജില്ലയിലെ അപേക്ഷകരിൽ 40,554 പേർക്ക് അലോട്ട്മെന്റായി. ട്രയൽ ഘട്ടത്തിൽ പ്രവേശനസാധ്യതയുണ്ടായിരുന്നതിനേക്കാൾ 181 പേർക്ക് അധികമായി അലോട്ട്മെന്റ് ലഭിച്ചു. 40,373 പേരാണ് ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെട്ടിരുന്നത്. പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി ജില്ലയിൽ അപേക്ഷിച്ചത് 82,753 പേരാണ്. ഇതിൽ 8213 പേർ മറ്റു ജില്ലകളിൽനിന്ന് അപേക്ഷ നൽകിയവരാണ്. ഭിന്നശേഷി വിഭാഗത്തിനായി അധികമായി ഉൾപ്പെടുത്തിയ 427 സീറ്റ് ഉൾപ്പെടെ 57,855 പ്ലസ് വൺ സീറ്റാണ് ജില്ലയിലുള്ളത്.
ജനറൽ വിഭാഗത്തിനുള്ള 26,844 സീറ്റിലും മുസ്ലിം വിഭാഗത്തിന്റെ 2999 സീറ്റിലും അലോട്ട്മെന്റായി. മറ്റു സംവരണ വിഭാഗത്തിലുള്ളവരുടെ 17,301 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് എസ്.സി/എസ്.ടി വിഭാഗത്തിലും സാമ്പത്തികപിന്നാക്ക വിഭാഗത്തിലുമാണ്. ഭിന്നശേഷി വിഭാഗത്തിൽ 453 സീറ്റും കാഴ്ചപരിമിതർക്കായി നീക്കിവെച്ച 257 സീറ്റും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ജില്ലയിലെ ഏക റസിഡൻഷ്യൽ സ്കൂളിലെ 50 സീറ്റുകളിൽ 28 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു.
22 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ആദ്യഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് 17ന് ബുധനാഴ്ച അഞ്ചു മണി വരെ സ്കൂളുകളിൽ പ്രവേശനം നേടാം. ഒന്നാമത്തെ ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റു ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. ഇതിന് ഫീസടക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ പ്രവേശനനടപടികളിൽനിന്ന് പുറത്താകും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.
പ്ലസ് ടു ഇല്ലാത്ത ഹൈസ്കൂളുകൾ 20
മലപ്പുറം: പ്ലസ് ടു കോഴ്സുകളില്ലാത്ത 20 ഗവ. ഹൈസ്കൂളുകളാണ് നിലവിൽ ജില്ലയിലുള്ളത്. പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടികയിൽ പകുതിയിലേറെ പേർ സീറ്റില്ലാതെ ജില്ലയിൽ പുറത്തുനിൽക്കുമ്പോഴാണിത്. ഈ 20 ഹൈസ്കൂളുകൾ ഹയർസെക്കൻഡറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്താൽ ജില്ലയിലെ പ്ലസ് ടു സീറ്റ് ക്ഷാമം കുറച്ചെങ്കിലും പരിഹരിക്കാനാകും. ഇതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
ഒന്നാംഘട്ട അലോട്ട്മെന്റിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം
സംവരണ വിഭാഗം, ആകെ സീറ്റ്, അലോട്ട്മെന്റ് ആയവ, ഒഴിവുകൾ
- ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) -3294, 3253, 41
- എൽ.സി/എസ്.ഐ.യു.സി/ആംഗ്ലോ ഇന്ത്യൻ -1288, 47, 1241
- ക്രിസ്ത്യൻ (ഒ.ബി.സി) -439, 39, 400
- ഹിന്ദു (ഒ.ബി.സി) -1288, 580, 708
- എസ്.സി -8127, 4485, 3642
- എസ്.ടി -5357, 204, 5153
- ഭിന്നശേഷിക്കാർ -1075, 622, 453
- ൈബ്ലൻഡ് -281, 24, 257
- ധീവര -849, 15, 834
- വിശ്വകർമ -849, 843, 6
- കുശവൻ ആൻഡ് റിലേറ്റഡ് -439, 86, 353
- കുടുംബി -439, 0, 439
- സാമ്പത്തിക പിന്നാക്കക്കാർ -4287, 513, 3774
