ആദ്യ പകുതിയിൽ ഫറോവകൾ മുന്നിൽ; പെനാൽറ്റി നഷ്ടപ്പെടുത്തി അർജന്റീന

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഞെട്ടിച്ച് ഈജിപ്തിന്റെ മുന്നേറ്റം. അറ്റ്‌ലാന്റയിൽ നടക്കുന്ന ജീവൻമരണ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ യാസ്സർ ഇബ്രാഹിമിന്റെ ഗോളിൽ ഈജിപ്ത് 1-0ത്തിന് മുന്നിലാണ്. മറുവശത്ത്, നായകൻ ലയണൽ മെസ്സി പെനാൽറ്റി പാഴാക്കുകയും നിരവധി സുവർണാവസരങ്ങൾ ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷുബൈർ വിഫലമാക്കുകയും ചെയ്തതോടെ അർജന്റീന കടുത്ത സമ്മർദ്ദത്തിലായി.

മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഈജിപ്ത് തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. 15-ാം മിനിറ്റിൽ ലഭിച്ച ആദ്യ കോർണറിൽ നിന്നാണ് ആഫ്രിക്കൻ പട അർജന്റീനയുടെ വല കുലുക്കിയത്. കോർണറിന് പിന്നാലെ മർവാൻ അതിയ ബോക്‌സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ് ഡിഫൻഡർ യാസ്സർ ഇബ്രാഹിം ഒരു തകർപ്പൻ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അർജന്റീനിയൻ പ്രതിരോധത്തിന് യാതൊരു അവസരവും നൽകാതെയായിരുന്നു ഇബ്രാഹിമിന്റെ ഫിനിഷിങ്.

ഗോൾ വഴങ്ങിയതിന്റെ ഞെട്ടലിൽ നിന്ന് ഉണർന്ന അർജന്റീന ഉടൻ തന്നെ ആക്രമണത്തിന് മൂർച്ച കൂട്ടി. ഇതിന്റെ ഫലമായി 19-ാം മിനിറ്റിൽ അവർക്ക് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ഈജിപ്ത് താരം ഹൈസം ഹസ്സൻ ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ, കിക്കെടുത്ത ലയണൽ മെസ്സിക്ക് പിഴച്ചു. 21-ാം മിനിറ്റിൽ മെസ്സി എടുത്ത ഷോട്ട് ഈജിപ്ത് ഗോളി മുസ്തഫ ഷൊബെയ്ർ സമർത്ഥമായി തട്ടിയകറ്റുകയായിരുന്നു. ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത് എന്നത് ടീമിനും ആരാധകർക്കും ഒരുപോലെ നിരാശ സമ്മാനിച്ചു.

തുടർന്ന് സമനില ഗോളിനായി അർജന്റീന നിരന്തരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും, ഈജിപ്ഷ്യൻ ഗോൾവലയ്ക്ക് മുന്നിൽ ഷൊബെയ്ർ ഒരു വൻമതിലായി നിലകൊണ്ടു. 28-ാം മിനിറ്റിൽ റോഡ്രിഗോ ഡിപോൾ ബോക്‌സിലേക്ക് നൽകിയ പന്തിൽ നിന്നുള്ള അലക്സിസ് മാക് അലിസ്റ്ററുടെ ഗോളെന്നുറച്ച അതിശക്തമായ ഹെഡർ ഷൊബെയ്ർ അവിശ്വസനീയമായി രക്ഷിച്ചെടുത്തു. 31-ാം മിനിറ്റിൽ ലഭിച്ച അവസരത്തിൽ മെസ്സിയുടെ ഒരു മികച്ച ഫ്രീകിക്ക് പോസ്റ്റിലിടിച്ച് മടങ്ങിയതും അർജന്റീനയ്ക്ക് വലിയ ദൗർഭാഗ്യമായി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും ഷുബൈർ തന്റെ ഗോൾകീപ്പിങ് മികവ് ആവർത്തിച്ചു. 39-ാം മിനിറ്റിൽ ടാഗ്ലിയാഫിക്കോയുടെ ക്രോസിൽ നിന്ന് ഹൂലിയന്‍ ആല്‍വരസ് കൃത്യമായി ടാപ്പ് ചെയ്ത ഗോളെന്നുറച്ച ഷോട്ടും ഈജിപ്ത് ഗോളി വിഫലമാക്കി. മികച്ച അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഷുബൈറിന്റെ അവിശ്വസനീയമായ സേവുകൾ കൊണ്ടും നിർഭാഗ്യം കൊണ്ടും ഗോൾ കണ്ടെത്താനാകാതെയാണ് അർജന്റീന ആദ്യ പകുതിക്ക് പിരിഞ്ഞത്. അട്ടിമറി വിജയമെന്ന സ്വപ്നവുമായി ഇറങ്ങിയ ഈജിപ്തിനെതിരെ പൊരുതിക്കയറാൻ രണ്ടാം പകുതിയിൽ ലയണൽ സ്കലോണിക്കും സംഘത്തിനും വലിയ മുന്നേറ്റങ്ങൾ തന്നെ നടത്തേണ്ടി വരും.

അർജന്റീന (4-4-2): എമിലിയാനോ മാർട്ടീനസ് (ഗോൾകീപ്പർ), നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടീനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ്, അലക്സിസ് മാക് അലിസ്റ്റർ, ലയണൽ മെസ്സി, ഹൂലിയൻ അൽവാരസ്.

ഈജിപ്ത് (4-4-2): മുസ്തഫ ഷൊബൈർ (ഗോൾകീപ്പർ), മുഹമ്മദ് ഹാനി, യാസർ ഇബ്രാഹിം, റാമി റാബിയ, കരീം ഹാഫെസ്, മൊഹാനദ് ലാഷിൻ, ഇമാം ആശൂർ, മർവാൻ അത്തിയ, മുസ്തഫ സിക്കോ, മുഹമ്മദ് സലാഹ്, ഹൈസം ഹസൻ.