മുമ്പ് 10.90 രൂപയ്ക്ക് നൽകിയ സ്‌പെഷ്യൽ അരി ഇത്തവണ 26 രൂപയ്ക്ക്, ചാക്ക് മാറ്റിയ അരി വാങ്ങാനാളില്ല; സർക്കാരിനെതിരെ എം.വി. ജയരാജൻ

കണ്ണൂർ : എൽ.ഡി.എഫ് ഭരണകാലത്ത് ‘കാണം വിൽക്കാതെ’ സന്തോഷത്തോടെ ഓണമുണ്ടിരുന്ന സ്ഥാനത്ത്, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ജനങ്ങളുടെ ഓണാഘോഷം നിറംമങ്ങിയിരിക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ. എൽ.ഡി.എഫിന്റെ 10 വർഷത്തെ ഭരണത്തിൽ വിലക്കയറ്റം പിടിച്ചുകെട്ടാനും ബോണസും പെൻഷനുകളും കൃത്യമായി വിതരണം ചെയ്യാനും കഴിഞ്ഞിരുന്നു. എന്നാൽ പുതിയ സർക്കാർ വന്നതോടെ സംസ്ഥാനത്ത് എല്ലാം താളംതെറ്റിയ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവിപണിയിൽ അരിക്ക് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ വർദ്ധിച്ചു. കഴിഞ്ഞതവണ 10.90 രൂപയ്ക്ക് നൽകിയ സ്‌പെഷ്യൽ അരി ഇത്തവണ 26 രൂപയ്ക്കാണ് നൽകുന്നത്. ചാക്ക് മാത്രം മാറ്റി വിതരണത്തിനെത്തിച്ച ഈ അരി പലയിടത്തും ജനങ്ങൾ വാങ്ങാതെ ഉപേക്ഷിക്കുകയാണ്. മുളക്, മല്ലി, ഉഴുന്ന്, പഞ്ചസാര, ചെറുപയർ തുടങ്ങി പഴം-പച്ചക്കറി സാധനങ്ങൾക്കെല്ലാം വൻ വിലക്കയറ്റമാണ്.
വടക്കൻ ജില്ലകളിൽ തുണിസഞ്ചിയുടെ ക്ഷാമം കാരണം ഓണക്കിറ്റ് വിതരണം അവതാളത്തിലായി. മൂന്നു മാസത്തെ പ്രവാസി പെൻഷൻ കുടിശ്ശികയായതും സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം വൈകുന്നതും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നു. സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള ഈ ജനവിരുദ്ധ നടപടികൾക്കെതിരെ ഓണാഘോഷങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ആദ്യ വർഷം തന്നെ നിറംമങ്ങിയ ഓണാഘോഷം
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. മാവേലിക്കാലത്തെ വറുതിയും ക്ഷാമവുമില്ലാത്തതും സമൃദ്ധിയും ഐശ്വര്യവുമുള്ള ജീവിതസാഹചര്യങ്ങളുടെ ഓർമപുതുക്കലാണല്ലോ ഓണം. അതുകൊണ്ട് കാണം വിറ്റും ഓണമുണ്ണണം എന്നാണ് പഴമൊഴി തന്നെ. എൽഡിഎഫ് ഭരണകാലത്ത് കാണം വിൽക്കാതെ തന്നെ നാം ഓണമുണ്ടിരുന്നു.
കഴിഞ്ഞ സർക്കാറിന്റെ 10 വർഷവും വിലക്കയറ്റം പിടിച്ചുനിർത്തിയും പെൻഷനുകളും ബോണസും കൃത്യമായി വിതരണം ചെയ്തും ഓണാഘോഷം ഗംഭീരമാക്കാൻ കഴിഞ്ഞു. യുഡിഎഫ് വന്നു, എല്ലാം താളം തെറ്റി. രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ വിവരിക്കാൻ കഴിയാത്ത പ്രയാസത്തിലായി. അരിവില പൊതുവിപണിയിൽ 10 രൂപ മുതൽ 15 രൂപ വരെ ഒരു കിലോവിന് വർദ്ധിച്ചു. റേഷൻ അരിയുടെ വിഹിതം കുറച്ച് വില വർദ്ധിപ്പിച്ചത് എരിതീയിൽ എണ്ണയൊഴിക്കുംപോലെയായി. 10.90 രൂപയ്ക്ക് കഴിഞ്ഞതവണ നൽകിയ സ്‌പെഷ്യൽ അരി ഇത്തവണ 26 രൂപയ്ക്ക് വിതരണത്തിനെത്തിച്ചു. മാത്രമല്ല, ചാക്ക് മാത്രം മാറ്റി ‘സ്‌പെഷ്യൽ’ ആക്കിയ അരി പലയിടത്തും ആരും വാങ്ങാത്ത സ്ഥിതിയുമുണ്ടായി. പഴം-പച്ചക്കറി വിലയും നാൾക്കുനാൾ കുതിച്ചുയരുന്നു. ഓണക്കിറ്റിന്റെ വിതരണം വടക്കൻ ജില്ലകളിൽ തുണിസഞ്ചിയുടെ ക്ഷാമം മൂലം അവതാളത്തിലായി. ഒരു കിലോ മുളകിന് 133 രൂപയും മല്ലിക്ക് 92 രൂപയും ഉഴുന്നിന് 20 രൂപയും പഞ്ചസാരയ്ക്ക് 18 രൂപയും ചെറുപയറിന് 22 രൂപയുമാണ് വർദ്ധിച്ചത്.
ഇത്രയും രൂക്ഷമായ വിലക്കയറ്റം സമീപകാലത്തെങ്ങുമുണ്ടായിട്ടില്ല. പ്രവാസി പെൻഷൻ മൂന്നു മാസത്തെ കുടിശ്ശികയായി. സാമുഹ്യസുരക്ഷാ പെൻഷനാണെങ്കിൽ വിതരണം ആരംഭിച്ചതേയുള്ളൂ. ഇങ്ങനെ എല്ലാവിധത്തിലും ഓണനാളിൽ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണ് യുഡിഎഫ് സർക്കാർ. ഓണാഘോഷത്തിനടിയിലും ഈ സർക്കാറിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ നമുക്ക് പ്രതിഷേധിക്കാം.
