റിസോര്‍ട്ട് ഉടമയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

വെള്ളറട (തിരുവനന്തപുരം): റിസോര്‍ട്ട് ഉടമയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കൊണ്ടകെട്ടിയിലെ സ്വകാര്യ റിസോര്‍ട്ട് ഉടമ സന്തോഷിനെയാണ് (50) രണ്ടു കാറുകളിലെത്തിയ ആറംഗ സംഘം ഇയാള്‍ സഞ്ചരിച്ച ഥാര്‍ വാഹനം അടിച്ചുതകര്‍ത്ത് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരം നാലോടെ റിസോര്‍ട്ടില്‍നിന്നും കൂട്ടപ്പൂവിലേക്ക് പോകുന്നതിനിടെ കുളമാന്‍കുഴിയിലാണ് സംഭവം.

രണ്ടു വാഹനങ്ങളിലായി കൂട്ടപ്പൂവില്‍ നിന്നും കൂതാളിയില്‍ നിന്നും പിന്തുടര്‍ന്നെത്തിയാണ് സന്തോഷിന്റെ വാഹനം തടഞ്ഞ് നിര്‍ത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ വിരട്ടിയോടിച്ച ശേഷം ഥാർ വാഹനം അടിച്ചു തകര്‍ത്ത് സന്തോഷിനെ മർദിച്ച ശേഷം വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

സന്തോഷിന്റെ വാഹനം അടിച്ചുതകര്‍ത്ത നിലയില്‍

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തിരച്ചില്‍ തുടങ്ങിയ വെള്ളറട പൊലീസ് ആര്യങ്കോട് പൊലീസിന്റെ സഹായത്തോടെ ചെമ്പൂരില്‍ വെച്ച് തട്ടിക്കൊണ്ടുപോയ വാഹനമുള്‍പ്പെടെ പിടികൂടുകയുമായിരുന്നു. കർണാടക സ്വദേശി ഷെഫിഖാന്‍, ആര്യനാട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. മർദനമേറ്റ സന്തോഷിനെ ആനപ്പാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആത്മഹത്യ ചെയ്ത ആനാട് സഹകരണ സംഘം പ്രസിഡന്റിന്റെ റിസോര്‍ട്ട് അടുത്തിടെയാണ് സന്തോഷ് വാങ്ങിയതെന്ന് പറയുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍, സബ് ഇന്‍സ്പക്ടര്‍ മനോജ്, അഡീഷനല്‍ എസ്. ഐ അനില്‍, എ.എസ്.ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും സ്​പെഷല്‍ ബ്രാഞ്ചുമാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്താഷില്‍നിന്നും എ.എസ്.ഐ അശ്വതിയുടെ നേതൃത്വത്തിൽ മൊഴിയെടുത്തു