‘സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ നാശം എന്ന് പറഞ്ഞത് മൗദൂദി, ജമാഅത്തെ ഇസ്ലാമി സ്വന്തം ആചാര്യനെ തള്ളിപ്പറയുമോ?’ വിമര്‍ശിച്ച് എസ്‌വൈഎസ്

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം തള്ളിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് എസൈ്വഎസ് സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ ഹക്കിം അസ്ഹരി. സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ നാശം എന്ന് പറഞ്ഞത് ജമാഅത്തെ ഇസ്ലാമി ആചാര്യന്‍ മൗദൂദിയാണെന്ന് അദ്ദേഹം പറഞ്ഞു. മൗദൂദിയുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനമാണ് നിലവിലെ പ്രശ്‌നം. ഇപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന ജമാഅത്തെ ഇസ്ലാമി ആദ്യം മൗദൂദിയെ തള്ളി പറയേണ്ടി വരുമെന്നും എ പി അബ്ദുല്‍ ഹക്കിം അസ്ഹരി പറഞ്ഞു. ( sys against Jamaat-e-Islami)
സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ നാശം എന്ന് പറഞ്ഞത് മൗദൂദിയാണെന്നും ഇത് തെളിയിക്കുന്ന പുസ്തകം ഇവിടെയുണ്ടെന്നും എ പി അബ്ദുള്‍ ഹക്കിം അസ്ഹരി പറഞ്ഞു. ആ പുസ്തകം തലയണക്കടിയില്‍ വച്ചിട്ട് കാര്യമില്ല. മൗദൂദി സ്ത്രീകള്‍ പുറത്തിറങ്ങുന്നത് വിലക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരത്തിന്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്നായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം. ഇസ്ലാമോഫോബിയ വളര്‍ത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നിലവില്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണെന്നും കാന്തപുരത്തിന്റെ പ്രസ്താവനയെ മറയാക്കി ഇസ്ലാമിനെ പൈശ്ചികവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബുറഹ്മാന്‍ പ്രതികരിച്ചിരുന്നു.
