ഒരുതവണ കൂടി മന്ത്രിമാരെ കാണും; സർക്കാർ ഇടപെട്ടില്ലെങ്കിൽ സർവിസ് നിർത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ

പാലക്കാട്: സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ. മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ സർവിസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരം നടത്താൻ സംഘടനയുടെ പാലക്കാട്ട് നടന്ന യോഗം തീരുമാനിച്ചു. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഒരുതവണ കൂടി കാണുമെന്നും ഭാരവാഹികൾ അറിയിച്ചു.
മൂന്ന് മാസത്തിനിടെ മാത്രം 120 കോടിയിലധികം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കുണ്ടായത്. അഞ്ഞൂറിലധികം ബസുകൾ ജിഫോം കൊടുത്ത് സർവിസ് നിർത്തിവെച്ചു. അയ്യായിരത്തിലധികം ബസുകൾ പകുതി ട്രിപ്പ് മാത്രമേ ഓടുന്നുള്ളൂ.
ഓണക്കാലത്ത് പോലും ജീവനക്കാർക്ക് ശമ്പളം നൽകാനായില്ല. രണ്ട് മൂന്നുമാസമായി ഇ.എം.ഐ മുടങ്ങുന്നതുകാരണം ധനകാര്യ സ്ഥാപനങ്ങൾ ബസുകൾ പിടിച്ചെടുക്കുകയാണ്. വിവിധ സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും അനിശ്ചിതകാല സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
നേരത്തേ, സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ചർച്ചക്ക് ക്യാറാണെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചിരുന്നു. യാത്രാ നിരക്ക് 15 രൂപയായി വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.
എന്നാൽ, ഇത് പുതിയ അറിവാണെന്നും ബസുടമകൾ മുമ്പ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പ്രിയദർശിനി പദ്ധതി വന്നതിന് ശേഷം സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം നിരക്ക് വർധനയും ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞ ഉടമകൾ മന്ത്രിയുടെ വാദം തള്ളിക്കളഞ്ഞു.
പ്രിയദർശിനി പദ്ധതി ജൂൺ 15 -ാം തീയതി പ്രഖ്യാപിച്ചതുമുതൽ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം കൂടിവരികയാണ്. ഈ പ്രതിസന്ധി മറികടക്കാൻ നിരക്ക് വർധന അനിവാര്യമാണെന്നാണ് ഉടമകളുടെ വാദം. ഇതോടൊപ്പം വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി ഒരുക്കണമെന്നതുമാണ് മറ്റ് ആവശ്യങ്ങൾ.
