നീക്കിയ ബോർഡുകൾക്ക് പിഴചുമത്താത്ത സെക്രട്ടറിമാരിൽനിന്ന് തുക ഈടാക്കാൻ നിർദേശം

കോഴിക്കോട്: അനധികൃത ബോർഡുകൾ നീക്കം ചെയ്തിട്ടും പിഴചുമത്താത്ത സെക്രട്ടറിമാർക്കെതിരെ കർശന നടപടിയുമായി സർക്കാർ. പൊതു ഇടങ്ങളിൽ സ്ഥാപിച്ച ബാനറുകളും ഫ്ലക്സ് ബോർഡുകളും നീക്കംചെയ്ത് ആനുപാതിക പിഴ ഈടാക്കാത്ത തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽനിന്ന് വ്യക്തിഗതമായി തുക ഈടാക്കാനാണ് സർക്കാർ നിർദേശം. നീക്കംചെയ്ത ബോർഡുകളുടെ എണ്ണത്തിൽ ആനുപാതികമായി പിഴ ഈടാക്കുന്നില്ലെന്ന് കോടതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വരുമാന നീക്കത്തിനു കൂടിയുള്ള സർക്കാർ നീക്കം.

സർക്കാറിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ റവന്യൂ വരുമാനം നഷ്ടപ്പെടുത്തുന്ന നടപടി ഗൗരവമുള്ളതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിമാരിൽനിന്ന് തുക ഈടാക്കാൻ സർക്കാർ നിർദേശം. സംസ്ഥാനത്തെ പൊതു ഇടങ്ങൾ, പാതയോരങ്ങൾ, ഫുഡ് പാത്തുകൾ, സെൻറർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കംചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും ഹൈകോടതി ഉത്തരവിട്ടിരുന്നു.

അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതും തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. നീക്കംചെയ്ത ബോർഡുകളുടെ എണ്ണത്തിന് ആനുപാതികമായി പിഴ പിരിച്ചെടുക്കുന്നതിൽ അനാസ്ഥ കാട്ടുകയോ പിഴയിനത്തിൽ പൂജ്യം അഥവാ തുച്ഛമായ തുക കാണിക്കുകയോ ചെയ്താൽ, ഈടാക്കാത്ത മുഴുവൻ തുകയും സെക്രട്ടറിമാരുടെ വ്യക്തിഗത ഉത്തരവാദിത്തമാക്കി മാറ്റി അവരിൽനിന്ന് തുക ഈടാക്കും.

നീക്കംചെയ്യുന്ന അനധികൃത ബാനറുകൾ അല്ലെങ്കിൽ സമാനമായവക്ക് ഒന്നിന് 5000 രൂപ വീതം പിഴ ചുമത്തേണ്ടതാണ്. പിഴക്കു പുറമെ ഇവ നീക്കം ചെയ്യുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള ചെലവ് ഉത്തരവാദികളിൽനിന്ന് ഈടാക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ബോർഡുകൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ പൊലീസ് സംരക്ഷണം സ്റ്റേഷൻ ഹൗസ് ഓഫിസർമാർ നൽകാനും ഉത്തരവിട്ടിട്ടുണ്ട്.