'അയാളുടെ രാഷ്ട്രീയ നിലപാടുകളിൽ താൽപര്യമില്ല, പ‍ക്ഷേ ജയിലിൽ മരിക്കുമെന്ന ഭയമുണ്ട്'; ഇമ്രാൻ ഖാന് മാനുഷിക പരിഗണന ഉറപ്പാക്കണമെന്ന് ഓസീസ് മുൻ നായകർ

മെൽബൺ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് ജയിലിൽ മികച്ച ചികിത്സയും മാനുഷിക പരിഗണനയും ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ രംഗത്ത്. ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനാണ് അലൻ ബോർഡർ, ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, കിം ഹ്യൂസ്, മാർക്ക് ടെയ്‌ലർ, സ്റ്റീവ് വോ എന്നീ ഏഴ് മുൻ ക്യാപ്റ്റന്മാർ സംയുക്തമായി കത്തയച്ചത്. ഇമ്രാന്റെ ആരോഗ്യനിലയിലും ജയിലിലെ മോശം പെരുമാറ്റത്തിലും കടുത്ത ആശങ്ക പ്രകടിപ്പിച്ചാണ് ഈ കൂട്ടായ്മ നയതന്ത്ര ഇടപെടൽ തേടിയിരിക്കുന്നത്.

ഇമ്രാൻ ഖാനെതിരെയുള്ള നിയമപരമായ കേസുകളിലോ രാഷ്ട്രീയ നിലപാടുകളിലോ തങ്ങൾക്ക് യാതൊരുവിധ താത്പര്യവുമില്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു. പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നില്ലെങ്കിലും, തടവിലാക്കപ്പെട്ട ഒരാളോട് കാണിക്കേണ്ട അടിസ്ഥാന മനുഷ്യത്വത്തിന്റെ പേരിലാണ് ഈ ഇടപെടലെന്ന് ഇവർ പറയുന്നു. 2022-ൽ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇമ്രാൻ ഖാനെ കണ്ടപ്പോൾ തികച്ചും ആരോഗ്യവാനായിരുന്നു. എന്നാൽ നിലവിൽ ജയിലിൽ നിന്നുവരുന്ന വാർത്തകൾ കണ്ട് ആ രൂപവുമായി ഇതിനെ പൊരുത്തപ്പെടുത്താൻ കഴിയുന്നില്ലെന്ന് ക്യാപ്റ്റന്മാർ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് വൈദ്യസഹായം ലഭിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും ഇമ്രാന്റെ കുടുംബവും മക്കളും നിരന്തരം പരാതിപ്പെടുന്ന പശ്ചാത്തലത്തിൽ അദ്ദേഹം ജയിലിൽ വെച്ച് മരണപ്പെടുമോയെന്ന് ഭയപ്പെടുന്നുണ്ടെന്നും ഗ്രെഗ് ചാപ്പൽ വ്യക്തമാക്കി.

പാകിസ്താന് ഏക ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും, കാൻസർ ആശുപത്രികൾ ഉൾപ്പെടെ നിർമ്മിച്ച് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയ വ്യക്തിയെന്ന നിലയിലും ആസ്ട്രേലിയക്കാർ ഇമ്രാൻ ഖാനെ ഏറെ ബഹുമാനിക്കുന്നുണ്ട്. വിഷയത്തിൽ പാകിസ്താൻ അധികൃതരുമായി നേരിട്ട് സംസാരിക്കാൻ ആസ്ട്രേലിയൻ സർക്കാർ തയ്യാറാകണമെന്ന് കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, വിഷയത്തിൽ വിദേശകാര്യ മന്ത്രി പെന്നി വോങിനെ നേരിട്ട് കണ്ട് ചർച്ച നടത്താൻ ഗ്രെഗ് ചാപ്പൽ അനുമതിയും തേടിയിട്ടുണ്ട്. നേരത്തെ അന്താരാഷ്ട്ര തലത്തിലുള്ള 22 മുൻ ക്യാപ്റ്റന്മാരും ഇമ്രാന്റെ മോശം സാഹചര്യത്തിനെതിരെ രംഗത്ത് വന്നിരുന്നു.