ലോക തപാൽ ദിനത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പൊറൂർ എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ.
ലോക തപാൽ ദിനത്തിൽ പൊറൂർ എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് കത്തെഴുതി. പോസ്റ്റ് കാർഡിൽ കത്തെഴുതുന്നതും അത് പോസ്റ്റ് ഓഫീസിൽ കൊണ്ടു പോയി പോസ്റ്റ് ചെയ്യുന്നതും എല്ലാം കുട്ടികൾക്ക് പുതുമയാർന്ന അനുഭവങ്ങൾ ആയിരുന്നു. കുട്ടികൾ പോസ്റ്റ് കാർഡിൽ പ്രധാനമന്ത്രിയോട് എഴുതി ആവശ്യപ്പെട്ട കാര്യവും വ്യത്യസ്തമായിരുന്നു. കുട്ടികൾ റേഡിയോ പരിപാടികൾ കൊണ്ടിരിക്കുന്ന നിലയമായ മഞ്ചേരി ആകാശവാണിയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചു പുതുമയാർന്ന പരിപാടികൾ പ്രക്ഷേപണം ചെയ്യണമെന്നും, നാട്ടിലെ കുട്ടികൾക്കുപരിപാടികൾ റേഡിയോയിൽ അവതരിപ്പിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്നും ആവശ്യപ്പട്ടിരിക്കുകയാണ്. ഒക്ടോബർ 9ന് ലോക തപാൽ ദിനത്തിന്റെ പ്രാധാന്യവും കത്തുകൾ അയക്കുന്നതിനെ കുറിച്ചും എങ്ങിനെ വിലാസം എഴുതണം എങ്ങിനെ ഉള്ളടക്കം എഴുതണം എന്നതിന്റെ മാതൃകയും അധ്യാപകരും പി. ടി. എ. ഭാരവാഹികളും കുട്ടികൾക്ക് വിവരിച്ചു നൽകി. പോസ്റ്റ് കാർഡിൽ സ്വന്തം കൈപ്പടയിൽ എഴുതിയ നിവേദനം കുട്ടികൾ നിറമരുതൂർ പോസ്റ്റ്ഓഫീസിലെ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു. പോസ്റ്റ് ഓഫീസ് അധികൃതർ തപാൽ ഓഫീസിന്റെ പ്രവർത്തനം കുട്ടികൾക്ക് വിവരിച്ചു നൽകി. പ്രധാനധ്യാപിക വി.ഹർഷ, പി. ടി.എ.പ്രസിഡന്റ് എ. മുഹമ്മദ് അഷ്റഫ്, അധ്യാപിക സ്വാദിയ എന്നിവർ നേതൃത്വം നൽകി.