ഡ്രൈവർ ഉറങ്ങിപ്പോയി, നിയന്ത്രണംവിട്ട കാർ കുളത്തിൽ മറിഞ്ഞു; വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് അദ്ഭുതകരമായി രക്ഷപ്പെട്ടു

എടയൂർ (മലപ്പുറം): എടയൂർ ഒടുങ്ങാട്ടുകുളത്തിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 12.20 ഓടെയാണ് സംഭവം. വളാഞ്ചേരിയിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് എടയൂർ ഒടുങ്ങാട്ടുകുളത്തിൽ പതിച്ചത്. വളാഞ്ചേരി കാട്ടിപ്പരുത്തിയിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ മുബാസ് (34) ആണ് കാർ ഓടിച്ചിരുന്നത്. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല.

മഞ്ചേരി സ്വദേശിയായ സുഹൃത്തിന്റേതാണ് കാർ. വളാഞ്ചേരി മാർക്കറ്റിൽ ജോലി ചെയ്യുന്ന മുബാസ് സുഹൃത്തിന് കാർ എത്തിച്ചുക്കൊടുക്കാനാണ് രാത്രിയിൽ കാറുമായി പോയത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഡ്രൈവറുടെ സീറ്റിനരികിലെ ഗ്ലാസ് ഉയർത്തിവെച്ചതിനാൽ കാർ വെള്ളത്തിൽ താഴുന്നതിന് മുമ്പായി അതിലൂടെ രക്ഷപ്പെടുകയായിരുന്നു.

നീന്തി കരയിൽ എത്തിയ മുബാസ് കൈ മുറിഞ്ഞതിനെ തുടർന്ന് അതുവഴിയെത്തിയ ബൈക്കിൽ വളാഞ്ചേരിയി​ലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. രാവിലെ കുളത്തിന് സമീപം എത്തിയ മുബാസാണ് താൻ ഓടിച്ച കാർ വെള്ളത്തിൽ മറിഞ്ഞ കാര്യം നാട്ടുകാരോട് പറഞ്ഞത്. രാവിലെ 11.30 ഓടെ ക്രെയിൻ എത്തിച്ച് കാർ കരയിലേക്ക് എത്തിച്ചു.