എഷ്യൻ ഗെയിംസ്: റിലേയിൽ മലയാളിതാരം ടി.എസ് മനു ഉൾപ്പെട്ട ടീമിന് വെള്ളി; 10000 മീറ്ററിൽ ചരിത്ര മെഡലുമായി സീമാകുമാരി

നഗോയ: എഷ്യൻ ഗെയിംസിൽ അത്ലറ്റിക്സ് വിഭാഗത്തിൽ മലയാളിതാരം ടി.എസ് മനു ഉൾപ്പെട്ട ടീമിന് മിക്സഡ് റിലേയിൽ വെള്ളി. മിക്സഡ് 4×400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഫൈനൽ ലാപ്പിൽ വിദ്യ രാംരാജ് നടത്തിയ മിന്നുന്ന പ്രകടനമാണ് ബഹ്റൈന് പിന്നിലായി രണ്ടാമതായി ഫിനിഷ് ചെയ്യാൻ ഇന്ത്യൻ ടീമിനെ സഹായിച്ചത്.

ഈ മെഡലോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 17 ആയി. പൂവമ്മ രാജു, വിശാൽ തെന്നരശ്, മനു ടി.എസ്, വിദ്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 3:14.46 മിനിറ്റിൽ മത്സരം പൂർത്തിയാക്കിയാണ്, 2023ലെ ഹാംഗ്ഷൗ ഏഷ്യൻ ഗെയിംസിൽ നേടിയ വെള്ളി മെഡൽ നിലനിർത്തിയത്.

വനിതകളുടെ 10,000 മീറ്റർ അത്ലറ്റിക്സിൽ ഇന്ത്യയുടെ സീമാകുമാരി വെങ്കല മെഡൽ നേടി. 32: 50: 05 സമയത്തിലാണ് സീമാകുമാരി മെഡലിലേക്ക് ഓടിയടുത്തത്. ഇതോടെ 16 വർഷത്തിനു ശേഷം 10,000 മീറ്ററിൽ ഒരു മെഡൽ ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിച്ചു. 2010ൽ മലയാളി അത്ലറ്റ് പ്രീജ ശ്രീധരനാണ് ഈ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയത്. ഇതേ ഇനത്തിൽ അന്ന് കവിത റാവത്ത് വെള്ളിയും നേടിയിരുന്നു.