ഏഷ്യൻ ഗെയിംസ്; ലോങ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏ‍ഷ്യൻ ഗെയിംസിൽ വനിതാ ലോങ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി രണ്ടാമതെത്തിയത്. മത്സരത്തിന്‍റെ തുടക്കം മുതൽ ഒന്നാമതായിരുന്ന ആൻസിയെ ചൈനീസ് താരമായ തന്‍റെ അവസാന ശ്രമത്തിൽ 6.55 ദൂരം ചാടി മറികടക്കുകയായിരുന്നു. ചൈനയിലെ ഹാങ്ചൗവിൽ നടന്ന കഴിഞ്ഞതവണത്തെ ഏ‍ഷ്യൻ ഗെയിംസിലും ആൻസി വെള്ളി നേടിയിരുന്നു.

വനിതാ ലോങ്ജംപിൽ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് അടുത്തിടെ തിരുത്തിയ ആത്മവിശ്വാസത്തിലാണ് ആൻസി സോജൻ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയത്. എന്നാൽ അവസാന നിമിഷംവരെ പൊരുതിയ ആൻസിക്ക് ഇത്തവണയും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

നാട്ടികയിലെ ഒരു സാധാരണ കടലോര ഗ്രാമത്തിൽ നിന്നും ഏഷ്യൻ അത്‌ലറ്റിക്സിന്റെ നെറുകയിലേക്ക് എത്തിയ മലയാളി താരമാണ് ആൻസി സോജൻ ഇടപ്പിള്ളി. നാട്ടികയിൽ ഓട്ടോ ഡ്രൈവറായ ഇടപ്പിള്ളി സോജന്റെയും ജാൻസിയുടെയും മകളായ ആൻസി, കായികലോകത്ത് തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്തത് കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടുമാണ്. സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഈ ഇരുപത്തഞ്ചുകാരി ഇന്ന് ഇന്ത്യയുടെ അഭിമാന താരങ്ങളിൽ ഒരാളാണ്.

നാട്ടിക ഗവ. ഫിഷറീസ് ഹയർസെക്കന്ററി സ്കൂളിൽ നിന്ന് കായികരംഗത്തേക്ക് ചുവടുവെച്ച ആൻസി, തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. പിന്നീട് ഇന്ത്യൻ നാവികസേനയിൽ ചീഫ് പെറ്റി ഓഫീസറായി ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നപ്പോഴും കായികരംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവൾ കൈവിട്ടില്ല. മുംബൈ റിലയൻസ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകൻ അനൂപ് ജോസഫിന്റെ കീഴിലായിരുന്നു കഠിന പരിശീലനം.

കരിയറിൽ ഉടനീളം നിരവധി മികച്ച നേട്ടങ്ങളാണ് ഈ ലോങ്‌ ജംപ് താരം സ്വന്തമാക്കിയിട്ടുള്ളത്. 2022-ലെ ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി വെള്ളി മെഡൽ നേടിയാണ് ആൻസി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2025 ലെ ഗുമി ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വെള്ളി തിളക്കം നിലനിർത്തി. ടിയാൻജിനിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 6.21 മീറ്റർ ചാടി വെങ്കലവും താരം സ്വന്തമാക്കിയിരുന്നു. ഭുവനേശ്വറിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനന്റൽ ടൂർ സിൽവർ മീറ്റിൽ 6.71 മീറ്റർ ചാടി സ്വർണം സ്വന്തമാക്കിയ ആൻസി, ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിലും സ്വർണനേട്ടം ആവർത്തിച്ചു.

കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായി മാറിയത് ഭുവനേശ്വറിൽ 6.88 മീറ്റർ ചാടി താരം കുറിച്ച ദേശീയ റെക്കോർഡാണ്. അഞ്ജു ബോബി ജോർജിന്റെയും ശൈലി സിങ്ങിന്റെയും പാത പിന്തുടർന്ന് ഇന്ത്യൻ വനിതാ ലോങ്‌ ജമ്പ് ചരിത്രത്തിലെ തിളക്കമുള്ളൊരു പേരായി ആൻസി മാറി. ലോങ്‌ ജമ്പിൽ ദേശീയ റെക്കോഡോടെ ഏഷ്യൻ ഗെയിംസിന്‌ യോഗ്യത നേടിയ ആൻസി, അഞ്‌ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള റെക്കോഡ്‌ തകർത്ത്‌ സ്വപ്‌ന തുല്യമായ നേട്ടം കൈവരിച്ചാണ്‌ ജപ്പാനിലേക്ക്‌ പറന്നത്‌.