ആറ് പേരുടെ ജീവനെടുത്തിട്ടും കോട്ടപ്പുഴയിൽ സുരക്ഷ ബോർഡ് പോലും സ്ഥാപിച്ചില്ല

കാളികാവ്: പത്ത് ദിവസം മുമ്പ് മലവെള്ളപ്പാച്ചിൽ ആറ് പേരുടെ ജീവനെടുത്ത ടി.കെ കോളനി ഭാഗത്ത് കോട്ടപ്പുഴയോരത്ത് ചോക്കാട് ഗ്രാമപഞ്ചായത്ത് സുരക്ഷ ബോർഡ് സ്ഥാപിച്ചില്ലെന്ന് പരാതി. കഴിഞ്ഞ 20ന് മലവെള്ളപ്പാച്ചിലുണ്ടായ പ്രദേശത്ത് ചോക്കാട് നാൽപ്പത് സെന്റ് ഭാഗം വഴി ഇപ്പോഴും ഒട്ടേറെ ആളുകൾ കുളിക്കാനായി എത്തുന്നുണ്ട്.

എന്നാൽ, അപരിചിതർ അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ സുരക്ഷസംവിധാനങ്ങളില്ലാത്തത് വലിയ ഭീഷണിയാണ്. കോട്ടപ്പുഴയിലെ തെളിനീരൊഴുക്കുന്ന പാറക്കെട്ടുകളും തടയണ ഭിത്തിയിലും സമീപത്തെ പാറക്കൂട്ടങ്ങളിലും പ്രാദേശിക കലാകാരന്മാർ വരച്ചുചേർത്ത വന്യമൃഗങ്ങളുടെ ചിത്രങ്ങളും സഞ്ചാരികൾക്ക് ഇവിടെ വേറിട്ട ദൃശ്യവിരുന്നൊരുക്കുന്നുണ്ട്.

എന്നാൽ, ഇവയൊന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളല്ലാത്തതിനാൽ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളോ ലൈഫ് ഗാർഡുകളുടെ സേവനമോ ലഭ്യമല്ല. ഇത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. ഒരു സുരക്ഷ ബോർഡെങ്കിലും സ്ഥാപിച്ചാൽ വിദൂര പ്രദേശങ്ങളിലെത്തുന്നവർക്ക് അത് അപകടങ്ങളിൽ പെടാതിരിക്കാൻ തുണയാവും.