‘തിരുവനന്തപുരം മൃഗശാലയല്ല ആദ്യം മാറ്റേണ്ടത്, യൂനിവേഴ്സിറ്റി- സംസ്‌കൃത കോളജുകളും ഹോസ്റ്റലുമാണ്’; പരിഹസിച്ച് ബി.ആർ.എം. ഷഫീർ

കോഴിക്കോട്: തിരുവനന്തപുരം മൃഗശാലയല്ല ആദ്യം മാറ്റേണ്ടതെന്നും യൂനിവേഴ്സിറ്റി കോളജും ഹോസ്റ്റലും സംസ്‌കൃത കോളജുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്‍റെ പരിഹാസം. തിരുവനന്തപുരത്ത് എം.ജി റോഡിലൂടെ ജനാധിപത്യപരമായ സമരങ്ങൾ നടത്തണമെങ്കിൽ യൂനിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും തമ്പടിച്ചിരിക്കുന്ന ഗുണ്ടകളുടെ തീട്ടൂരം വാങ്ങണമെന്നാണെങ്കിൽ അതിൽപ്പരം ഗതികേടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു ഷഫീറിന്‍റെ പ്രതികരണം. യൂനിവേഴ്സിറ്റി- സംസ്‌കൃത കോളജുകളിലും ഹോസ്റ്റലുകളിലും തമ്പടിച്ചിരിക്കുന്നത് വിദ്യാർത്ഥികൾ മാത്രമല്ല. മുപ്പത്തഞ്ചും നാൽപ്പതും വയസ്സായ ക്രിമിനലുകളാണ്. മുമ്പൊരിക്കൽ ചലച്ചിത്ര താരങ്ങൾ പ്രകടനം നടത്തിയപ്പോൾ അവർക്കു നേരെ പോലും യൂനി. കോളജിൽ തമ്പടിച്ചിരിക്കുന്ന ക്രിമിനലുകൾ കല്ലെറിഞ്ഞിട്ടുണ്ട്. മര്യാദക്ക് പഠിക്കാൻ വരുന്ന കുട്ടികൾ ഈ ക്രിമിനൽ സംഘത്തെ ഭയന്ന്,
അവൻമാരുടെ തീട്ടൂരത്തിനു വഴങ്ങി എസ്.എഫ്.ഐയുടെ അടിമകളായി മാറുകയാണെന്നും കുറിപ്പിൽ പറയുന്നു.
യു.ഡി.എഫ് സർക്കാറുകൾക്കെതിരേ അക്രമ സമരം നടത്താൻ യൂവിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും സംസ്കൃത കോളജിലും തമ്പടിച്ചിരിക്കുന്ന ക്രിമിനലുകളെയാണ് സി.പി.എം ആശ്രയിക്കുന്നത്. പൊലീസ് പരിശോധന നടത്തി ക്രിമിനലുകളെ പിടിക്കാൻ തയാറാകണം. ഭരണ നഷ്ടത്തിന്‍റെ വൈരാഗ്യത്തിൽ കേരളത്തെ ചോരക്കളമാക്കാനുള്ള റിഹേഴ്‌സലാണ് സി.പി.എം നടത്തിയത്. സമാധാനപരമായി കടന്നുപോയ ജാഥയിലേക്ക് മദ്യക്കുപ്പിയെറിഞ്ഞവർ വിദ്യാർഥികളല്ല, സാമൂഹിക വിരുദ്ധരാണെന്നും ഷഫീർ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
തിരുവനന്തപുരം മൃഗശാലയല്ല ആദ്യം മാറ്റേണ്ടത്
അത് യൂണിവേഴ്സിറ്റി കോളേജും സംസ്‌കൃത കോളേജും യൂണി : ഹോസ്റ്റലുമാണ്.
തിരുവനന്തപുരത്ത് എം.ജി റോഡിലൂടെ ജനാധിപത്യപരമായ സമരങ്ങൾ നടത്തണമെങ്കിൽ യൂണിവേഴ്സിറ്റി കോളേജിലും
യൂണിവേഴ്സിറ്റി ഹോസ്റ്റലിലും തമ്പടിച്ചിരിക്കുന്ന ഗുണ്ടകളുടെ തീട്ടൂരം വാങ്ങണമെന്നാണെങ്കിൽ അതിൽപ്പരം ഗതികേടില്ല.
ഇവിടെ തമ്പടിച്ചിരിക്കുന്നത് വിദ്യാർത്ഥികൾമാത്രമല്ല.
മുപ്പത്തഞ്ചും നാൽപ്പതും വയസ്സായ ക്രിമിനലുകളാണ്.
മുൻപൊരിക്കൽ ചലച്ചിത്ര താരങ്ങൾ പ്രകടനം നടത്തിയപ്പോൾ അവർക്കു നേരേ
പോലും യൂണി : കോളേജിൽ തമ്പടിച്ചിരിക്കുന്ന ക്രിമിനലുകൾ കല്ലെറിഞ്ഞിട്ടുണ്ട്.
മര്യാദയ്ക്ക് പഠിക്കാൻ വരുന്ന കുട്ടികൾ ഈ ക്രിമിനൽ സംഘത്തെ ഭയന്ന്,
അവൻമാരുടെ തീട്ടൂരത്തിനു വഴങ്ങി SFI യുടെ അടിമകളായി മാറുന്നു.
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
UDF സർക്കാരുകൾതെതിരേ അക്രമ സമരം നടത്തുവാൻ യൂണി : കോളേജിലും ഹോസ്റ്റലിലും സംസ്കൃത കോളേജിലും തമ്പടിച്ചിരിക്കുന്ന ക്രിമിനലുകളെയാണ് CPM ആശ്രയിക്കുന്നത്.
യൂണി : കോളേജിലും ഹോസ്റ്റലിലും സംസ്കൃത കോളേജിലും പോലീസ് പരിശോധന നടത്തി ക്രിമിനലുകളെ പിടിക്കാൻ തയ്യാറാകണം.
മുത്തശ്ശി പ്ലാവ്, നാട്ടുമാവ് എന്നൊക്കെ വായ്ത്താളമിട്ട് യൂണി : കോളേജിനെ തലസ്ഥാനത്തു തന്നെ നിലനിർത്താൻ ഒരുപറ്റം സാംസ്‌കാരിക പറ്റിത്തീനികൾ രംഗത്തുവരും.
അവറ്റകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.
ഭരണ നഷ്ടത്തിൻ്റെ വൈരാഗ്യത്തിൽ കേരളത്തെ ചോരക്കളമാക്കാനുള്ള റിഹേഴ്‌സലാണ് ഇന്ന് സിപിഎം നടത്തിയത്.
സമാധാനപരമായി കടന്നുപോയ ജാഥയിലേക്ക് മദ്യക്കുപ്പിയെറിഞ്ഞവർ വിദ്യാർത്ഥികളല്ല,
സാമൂഹ്യ വിരുദ്ധരാണ്.
സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്ന സ്ഥലത്ത്
പോലീസ് കയറുന്നത് പുതിയ കാര്യമല്ല.
അതിൻ്റെ പേരിൽ ഏഷ്യാനെറ്റടക്കമുള്ള ദൃശ്യ മാധ്യമങ്ങളിലെ പഴയ SFI കുഞ്ഞുങ്ങൾ അലമുറയിട്ടിട്ട് കാര്യമില്ല.
