പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; എതിരാളികൾ പാകിസ്താൻ

നഗോയ: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന രണ്ടാം സെമിയിൽ 124 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. ഇന്ത്യയുടെ 170 വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 49 റൺസിന് പുറത്താവുകയായിരുന്നു. ഇഷാൻ കിഷന്റെ അപരാജിത അർധ സെഞ്ച്വറിയിൽ മികച്ച സ്കോറുയർത്തിയ ഇന്ത്യ പിന്നീട് ബൗളിങ്ങിലും അസാമാന്യ പ്രകടനം കാഴ്ചവെച്ചാണ് ലങ്കയെ തകർത്തെറിഞ്ഞത്.

ഇന്ത്യ ഫൈനലിൽ ബദ്ധവൈരികളായ പാകിസ്താനെ നേരിടും. ഒക്ടോബർ മൂന്നിന് കൊറോഗി സ്പോർട്സ് പാർക്കിൽ സ്റ്റേഡിയത്തിൽ തന്നെയാണ് സ്വർണപോരാട്ടവും നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാകും പാക് ടീമിന് എതിരെ കളിക്കുക. രണ്ടാം സെമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെയും (മൂന്ന് പന്തിൽ ഏഴ്) വൺ ഡൗണായി ഇറങ്ങിയ സഞ്ജു സാംസണിനെയും (ഒമ്പത് പന്തിൽ ഏഴ് റൺസ്) നഷ്ടമായി. പിന്നാലെ 21 പന്തിൽ 38 റൺസെടുത്ത് ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവംശിയും പുറത്തായി.

അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ അർധ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു. താരം 46 പന്തിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളും അടക്കം 80 റൺസെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13 പന്തിൽ 13), അക്‌സർ പട്ടേൽ (13 പന്തിൽ എട്ട്), തിലക് വർമ്മ (നാല് പന്തിൽ രണ്ട്), ശിവം ദുബെ (ഒമ്പത് പന്തിൽ മൂന്ന്) എന്നിവർക്ക് കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല. ഇതോടെ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 169 റൺസിലെത്തി.

ശ്രീലങ്കക്ക് വേണ്ടി സഹാൻ അരച്ചിഗെയും തരിന്ദു രത്നായകെയും രണ്ട് വിക്കറ്റുകൾ വീതമെടുത്തു. ലസിത് ക്രൂസ്ഫുല്ലെ, വാനുജ സഹാൻ, വിജയകാന്ത് വ്യാസ്കാന്ത് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ ഞെട്ടിച്ചു. അടുത്ത ഓവറിലുകളിലും ഇന്ത്യ വിക്കറ്റ് വിക്കറ്റ് നേട്ടം ആവർത്തിച്ചതോടെ നാല് ഓവറുകൾ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 18 എന്ന നിലയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തി. സിനെത് ജയവർധന, സോഹൻ ഡി ലിവേര, ലസിത് ക്രൂസ്ഫുല്ലെ, ആഷെൻ ബണ്ടാര എന്നിവർ പൂജ്യത്തിന് പുറത്തായപ്പോൾ സഹാൻ അരച്ചിഗെ എട്ട് പന്തിൽ ഒമ്പത് റൺസെടുത്ത് മടങ്ങി.

ശ്രീലങ്കൻ നിരയിൽ 11 പന്തിൽ 15 റൺസെടുത്ത നുവാനിഡു ഫെർണാണ്ടോ മാത്രമാണ് രണ്ടക്കം കടന്നത്. പത്താം ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി അഭിഷേക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകിനും ബുംറക്കുമൊപ്പം അക്‌സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.