ടി.എച്ച്. മുസ്തഫ ചോദ്യംചെയ്തു, പ്രകോപിതനായി ഗ്യാനേഷ് കുമാർ; ചർച്ചയായി എറണാകുളം കലക്ടർ പദവിയിലെ ഇടപെടലുകൾ

കൊച്ചി: എസ്.ഐ.ആർ വെട്ടിനിരത്തലിലൂടെ വിവാദ നായകനായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, എറണാകുളം ജില്ല കലക്ടറായിരിക്കെ നടത്തിയ ഇടപെടലുകൾ വീണ്ടും ചർച്ചയാകുന്നു. അതിലൊന്നാണ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ടി.എച്ച്. മുസ്തഫയും ഗ്യാനേഷ്കുമാറും തമ്മിലുണ്ടായ പോര്.
2004 മാർച്ചിൽ, ജില്ലയിലെ വരൾച്ചാ സാഹചര്യം ചർച്ചചെയ്യാൻ കലക്ടർ വിളിച്ച യോഗത്തിനിടെയാണ് സംഭവം. അന്ന് കുന്നത്തുനാട് എം.എൽ.എ ആയിരുന്ന മുസ്തഫ, മണൽ മാഫിയയെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനെക്കുറിച്ച് ഗ്യാനേഷ് കുമാറിനോട് ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹത്തിന്റെ നിസ്സംഗമായ സമീപനത്തിനെതിരെ ചോദ്യമുയർത്തുകയും ചെയ്തു.
ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നിഹിതരായിരുന്ന യോഗത്തിൽ, ചോദ്യങ്ങൾ ഗ്യാനേഷ് കുമാറിനെ പ്രകോപിതനാക്കി. അദ്ദേഹം മുസ്തഫയോട് കയർത്ത് സംസാരിക്കുകയും ചെയ്തു. എന്നാൽ, മുസ്തഫ വിട്ടില്ല. ‘നിങ്ങൾ സ്വയം എന്താണെന്നാണ് വിചാരിക്കുന്നത്? ഞാൻ ഒരു മുൻമന്ത്രിയും എം.എൽ.എയുമാണ്. മണൽ മാഫിയയുമായുള്ള നിങ്ങളുടെ ഇടപാടുകൾ ഞങ്ങൾക്ക് അറിയാം’ -എന്നു പറഞ്ഞാണ് തിരിച്ചടിച്ചത്
മന്ത്രി ടി.എം. ജേക്കബ് (മന്ത്രി അനൂപ് ജേക്കബിന്റെ പിതാവ്) അന്ന് അവിടെയുണ്ടായിരുന്ന സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു. ഒടുവിൽ ജേക്കബ് ഇടപെട്ടാണ് പ്രശ്നം തൽക്കാലം പരിഹരിച്ചത്.
അനുചിതമായ പെരുമാറ്റവും പ്രോട്ടോക്കോൾ ലംഘനവും ആരോപിച്ച് മുസ്തഫ, പിന്നീട് കലക്ടർക്കെതിരെ പ്രിവിലേജ് നോട്ടീസ് നൽകുകയും ചെയ്തു. എറണാകുളം ജില്ല കലക്ടറായിരിക്കെ തന്നെ, നിലനികത്തലുമായി ബന്ധപ്പെട്ടും ഗ്യാനേഷ്കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.
അതേസമയം, കലക്ടർ എന്ന നിലയിൽ എറണാകുളം നഗരത്തെയും വൈപ്പിൻ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ പണി പൂർത്തിയാക്കുന്നതിന് ഗ്യാനേഷ് കുമാർ നേതൃത്വം നൽകിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ബിൽഡ്-ഓപറേറ്റ്-ട്രാൻസ്ഫർ (ബി.ഒ.ടി) പദ്ധതിയായ തോപ്പുംപടി പാലത്തിനെതിരെയുള്ള എതിർപ്പുകളും, ഗ്യാനേഷ് കുമാർ കലക്ടറായിരിക്കെയായിരുന്നു. പാലത്തിൽ ടോൾ പിരിക്കുന്നതിനെതിരായ സമരം നഗരം സ്തംഭിക്കുന്നതിലേക്ക് നിലയിലെത്തിയ സാഹചര്യവുമുണ്ടായി.
എറണാകുളം ജില്ലയുടെ 25 മത് കലക്ടറായി 2001 ജൂൺ എട്ടിന് ചുമതലയേറ്റ ഗ്യാനേഷ് കുമാർ, 2004 ജൂലൈ 16 വരെ മൂന്നുവർഷം ആ പദവിയിൽ തുടർന്നു. 1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ അസിസ്റ്റന്റ് കലക്ടറായാണ് സിവിൽ സർവിസ് കരിയർ ആരംഭിക്കുന്നത്.
