വയനാടിന്‍റെ നെല്ലച്ഛൻ ചെറുവയൽ രാമൻ വിട വാങ്ങി

കൽപ്പറ്റ: പരമ്പരാഗത വിത്തുകളുടെ സംരക്ഷകനും കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ പത്മ ശ്രീ ചെറുവയൽ രാമൻ(75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ:ഗീത. രമണി, രമേശൻ , രാജേഷ് എന്നിവരാണ് മക്കൾ. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.

വയനാട്ടിലെ കമ്മന സ്വദേശിയായ ചെറുവയൽ രാമനെ വിത്തച്ഛൻ, നെല്ലച്ഛൻ എന്നൊക്കെ വിശേഷിച്ചിരുന്നു. കാർഷിക മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ച് 2023ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. കുറിച്യ തറവാട്ടിലെ കൂട്ടുകുടുംബത്തിലായിരുന്നു ചെറുവയൽ രാമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം അമ്മാവന്റെ കൽപന ​പ്രകാരം കാർഷികവൃത്തിയിലേക്കിറങ്ങി. ചെറുപ്പത്തിൽതന്നെ കൃഷിപ്പണികളും അറിവുകളും സ്വന്തമാക്കി. അമ്മാവന്റെ മരണശേഷം കുടുംബത്തിന്റെ കൃഷിക്കാര്യങ്ങളിലെല്ലാം അഗ്രഗണ്യനായി. പ്രകൃതിയെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുള്ള മനുഷ്യനാണ് ചെറുവയൽ രാമൻ.

തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ ചെറുവയൽ രാമന്‍റെ ശേഖരത്തിലുണ്ടായിരുന്നു. കൈവശമുള്ള വിത്തുകൾ വയലില്‍ കൃഷിയിറക്കി ഉൽപാദിപ്പിച്ച് അവ ശേഖരിച്ച് സംരക്ഷിക്കുകയാണ് ചെറുവയൽ രാമന്‍ ചെയ്തിരുന്നത്. നാടൻ വിത്തുകൾ സൂക്ഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.