നെടുമ്പാശേരിയില്‍ മരിച്ചവർക്കെതിരെ അപകീര്‍ത്തി പരാമർശം: ശശികലയ്‌ക്കെതിരേ പൊലീസിൽ പരാതി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരെ അപകീർത്തിപ്പെടുത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പരാതി. ആലുവയിലെ സി.പി.ഐ നേതാവ് ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്.

സമൂഹ മാധ്യമങ്ങളിൽ വർഗീയ പരമായ പരാമർശം നടത്തിയ ശശികലക്കെതിരെ മരിച്ചവരുടെ കുടുംബം തന്നെ രംഗത്തെത്തിയിരുന്നു. ശശികല കുടുംബത്തെ അപമാനിച്ചെന്നും കേസെടുക്കണമെന്നും വാർത്താ സമ്മേളനത്തിൽ മരിച്ച ഗോപികയുടെ അച്ഛന്‍ പ്രദീപ് കുമാര്‍, അമ്മ സജിത, പിതൃസഹോദരന്‍ എം.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ശശികല ഫോണിൽ വിളിച്ചതായും കുടുംബം വ്യക്തമാക്കിയിരുന്നു. ഭീഷണിയുമായി വന്ന് ദുഃഖിതരായ കുടുംബത്തെ തറ രാഷ്ട്രീയം കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും, ആദ്യം സ്വന്തം പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകാനുമാണ് ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്.

വാഹനാപകടത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. എറണാകുളം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ആലുവ ഡി.വൈ.എസ്.പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല. പ്രതി സുഹൈല്‍ സജീവിനായുള്ള പൊലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചു. കസ്റ്റഡി അനിവാര്യം എന്ന് പൊലീസ് വ്യക്തമാക്കിയതോടെ രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം. അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.