ഒളവണ്ണ ടോൾ പ്ലാസയിൽ ക്യു.ആർ കോഡ് മാറ്റി ലക്ഷങ്ങളുടെ തട്ടിപ്പ്; ആറുപേർക്കെതിരെ കേസ്, ഏഴു ലക്ഷം കവർന്നു

കോഴിക്കോട്: ടോൾ പിരിവിനുള്ള ക്യു.ആർ കോഡിൽ തിരിമറി കാട്ടി പന്തീരാങ്കാവിലെ ഒളവണ്ണ ടോൾ പ്ലാസയിൽ തട്ടിപ്പ്. ടോൾ ഇനത്തിൽ നൽകിയ ഏഴു ലക്ഷത്തോളം രൂപയാണ് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്യു.ആർ കോഡ് സ്ഥാപിച്ച് ആറു ജീവനക്കാർ ചേർന്നു തട്ടിയെടുത്തത്. സെപ്റ്റംബർ രണ്ട് മുതൽ ഒക്ടോബർ രണ്ടുവരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. സംഭവത്തിൽ ആറു പേർക്കെതിരെ പൊലീസ് കേസ് എടുത്തു.
ഉത്തർപ്രദേശ് സ്വദേശികളായ വിപിൻ രാജ്പുത് (23), ഉമാശങ്കർ (40) മോണ്ടി രാജ്പുത് (21), ഹരിമോഹൻ (19), ശിവം (21), നവീൻ സിങ് ബദോരിയ (24) എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഇതിൽ ആറാം പ്രതിയായ നവീൻ സിങ് ബദോരിയയെ പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികളെല്ലാം കരാർ കാലാവധി പൂർത്തിയായതിനാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ പിടികൂടാനുള്ള നടപടി ആരംഭിച്ചതായി പന്തീരാങ്കാവ് പൊലീസ് അറിയച്ചു.
ഒന്നാം പ്രതിയായ വിപിന്റെ നിർദേശ പ്രകാരം ടോൾ പ്ലാസയിലെ ചില ജീവനക്കാർ ക്യു.ആർ കോഡ് സ്കാനർ വഴി സ്വകാര്യ അക്കൗണ്ടിലേക്ക് പണം തിരിമറി നടത്തിയെന്നാണ് കേസ്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിൽ എത്തുമ്പോൾ ജീവനക്കാർ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്യു.ആർ കോഡ് പണം നൽകാനുള്ള സ്കാൻ ചെയ്യാനായി കാണിച്ചു കൊടുക്കുകയും അതുവഴി വാഹന ഉടമകൾ നൽകിയ ടോൾ നിരക്ക് സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പ്രാഥമിക നിഗമനം. തുടർന്ന് തുക പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു.
ടോൾ പിരിവിലെ ഇടിവ് ശ്രദ്ധയിൽപ്പെട്ട ടോൾ പ്ലാസ മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ടോൾ പ്ലാസ ഉദ്യോഗസ്ഥനായ അമിത് കുമാർ ശർമ നൽകിയ കേസിലാണ് പന്തീരാങ്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പന്തീരാങ്കാവ് എസ്.ഐ എൻ. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
