വിൻഡീസിനെതിരെ ബംഗളൂരുവിലും സഞ്ജു തിളങ്ങും: മുൻ ഇന്ത്യൻ പരിശീലകൻ

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് അഞ്ചാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ തിളങ്ങുമെന്ന് മുൻ ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകൻ അഭിഷേക് നായർ. നാലാം ട്വന്റി 20 മത്സരത്തിൽ മികച്ച നിയന്ത്രണത്തോടെയാണ് കളിച്ചതെന്നും എന്നാൽ നിർഭാഗ്യവശാലാണ് താരം പുറത്തായതെന്നും അദ്ദേഹം പറഞ്ഞു. അവസാന മത്സരത്തിൽ എല്ലാവരും ഒരുമിച്ച് ടീമിനായി തിളങ്ങേണ്ട കാര്യം മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“നാലാം മത്സരത്തിൽ സഞ്ജു സാംസൺ സ്ട്രൈക്ക് എടുത്തത് മികച്ച തന്ത്രപരമായ തീരുമാനമായിരുന്നു. അതിനുശേഷം ബാറ്റിങ് കണ്ടപ്പോൾ വലിയൊരു ഇന്നിങ്സിന് വേണ്ടി അവൻ തയ്യറെടുക്കുകയാണെന്ന് തോന്നിപ്പിച്ചു. മികച്ച നിയന്ത്രണത്തോടെയാണ് അവൻ കളിച്ചത്. അടിത്തറ മികച്ചതും ഹെഡ് പൊസിഷൻ സ്ഥിരതയുള്ളതായിരുന്നു. അപകടകാരിയായ സഞ്ജു താളം കണ്ടെത്തി. നിർഭാഗ്യവശാലാണ് അവൻ പുറത്തായത്. എങ്കിലും ഈ ആത്മവിശ്വാസവുമായാവും ബംഗളൂരുവിൽ കളിക്കാൻ ഇറങ്ങുക. ഭൂരിഭാഗം ബാറ്റർമാരും മികച്ച ഫോമിലായതിനാൽ ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ഇന്ത്യൻ ടീം വളരെ ശക്തമായ നിലയിലായിരിക്കും,” അഭിഷേക് നായർ ജിയോ ഹോട്സ്റ്റാറിലെ ചർച്ചക്കിടെ പറഞ്ഞു.
വിൻഡീസിനെതിരെയുള്ള നാലാം മത്സരത്തിൽ സഞ്ജു വെടിക്കെട്ട് അർധ സെഞ്ച്വറി നേടിയിരുന്നു. 23 പന്തിൽ നാല് സിക്സറുകളും ആറ് ഫോറുകളും അടക്കം 56 റൺസാണ് താരം സ്കോർ ചെയ്തത്. 243. 48 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. നേരത്തെ രണ്ടാം ട്വന്റി 20 മത്സരത്തിലും സഞ്ജു അർധ സെഞ്ച്വറി നേടിയിരുന്നു.
അതേസമയം, ഒക്ടോബർ 17നാണ് ഇന്ത്യ പരമ്പരയിലെ അഞ്ചാം മത്സരത്തിന് ഇറങ്ങുന്നത്. പരമ്പര സ്വന്തമാക്കാൻ ഈ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
