രക്ഷകനായി സചിൻ ബേബി, സെഞ്ച്വറി (112) ; രഞ്ജിയിൽ തകർച്ചയിൽനിന്ന് കരകയറി കേരളം, ഒഡിഷക്കെതിരെ 6/245

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ തകർച്ചയിൽനിന്ന് കരകയറി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെന്ന നിലയിലാണ്.

സചിൻ ബേബിയുടെ സെഞ്ച്വറിയാണ് കേരളത്തെ നാണക്കേടിൽനിന്ന് കരകയറ്റിയത്. 235 പന്തിൽ ഒരു സിക്സും 11 ഫോറുമടക്കം 112 റൺസെടുത്താണ് താരം പുറത്തായത്. അർധ സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനും (135 പന്തിൽ 72*) മൂന്നു റൺസുമായി ആദിത്യ സർവാദെയുമാണ് ക്രീസിലുള്ളത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒരുഘട്ടത്തിൽ മൂന്നു റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണർ അഭിഷേക് പി. നായർ, ജലജ് സക്സേന എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ അഭിഷേകിന് രാജേഷ് മൊഹന്തി പൂജ്യത്തിന് മടക്കി. നാലാം ഓവറിലെ അവസാന പന്തില്‍ ജലജ് സക്സേനയെ (പൂജ്യം) ലളിത് യാദവും തിരിച്ചയതോടെ കേരളം പ്രതിരോധത്തിലായി.

പതിമൂന്നാം ഓവറിലെ അവസാന പന്തില്‍ കന്നി മത്സരം കളിക്കുന്ന അഭിഷേക് ജെ നായരും ലളിതിന് മുന്നില്‍ കീഴടങ്ങി. കേരളം മൂന്നിന് 18. പിന്നാലെ നാലാം വിക്കറ്റിൽ വിഷ്ണു വിനോദും മുന്‍ നായകന്‍ സചിനും ചേര്‍ന്ന് 50 കടത്തി. ആദ്യ സെഷന്‍ തീരുന്നതിന് തൊട്ടു മുമ്പ് വിഷ്ണു വിനോദിനെ പുറത്താക്കി സൗമ്യ ലങ്ക കേരളത്തിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. ടീം സ്കോർ നൂറു കടന്നതിനു പിന്നാലെ 43 പന്തിൽ 21 റൺസെടുത്ത സൽമാൻ നിസാറും പുറത്തായി. ബാദൽ ബിസ്വാലിന്‍റെ പന്തിൽ താരം എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. ആറാം വിക്കറ്റിൽ സചിനും അസ്ഹറുദ്ദീനും ചേർന്ന് നേടിയ 141 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇന്നിങ്സിന്‍റെ നട്ടെല്ല്.

ചായക്ക് ശേഷം കളി പുനരാരംഭിച്ച് വൈകാതെ സചിൻ ബേബി തന്‍റെ സെഞ്ച്വറി തികച്ചു. ലളിത് യാദവിന്‍റെ പന്തിൽ സിംഗിളെടുത്താണ് സചിൻ തന്റെ 16-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീൻ അമ്പതും തികച്ചു. ആദ്യദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഓവറിലാണ് സചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായത്. ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി സമനില നേടിയ കേരളത്തിന് ഒഡിഷക്കെതിരായ മത്സരം നിര്‍ണായകമാണ്. ഒഡിഷക്കായി ലളിത് യാദവ്, സൗമ്യ രഞ്ജൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.